മുംബയ്: നടി ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് അറസ്റ്റിൽ. വേദിക പ്രകാശ് ഷെട്ടി (32) ആണ് അറസ്റ്റിലായത്. ആലിയ ഭട്ടിന്റെ നിർമാണ കമ്പനിയായ ഇറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിലും നടിയുടെ സ്വകാര്യ അക്കൗണ്ടുകളിലും 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്നാണ് കേസ്.
2022 മേയ്ക്കും 2024 ഓഗസ്റ്റിനും ഇടയിലാണ് തിരിമറി നടന്നത്. ആലിയയുടെ അമ്മയും നടിയും സംവിധായകയുമായ സോണി റാസ്‌ദാൻ കഴിഞ്ഞ ജനുവരിയിൽ ജുഹു പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തുവന്നത്. തുടർന്ന് വഞ്ചനാക്കുറ്റത്തിന് വേദിക ഷെട്ടിക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ വേദികയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.
2021 മുതൽ 2024വരെയാണ് ആലിയയുടെ പിഎ ആയി വേദിക പ്രവർത്തിച്ചത്. നടിയുടെ സാമ്പത്തിക രേഖകളും പേയ്‌മെന്റുകളും ഷെഡ്യൂളുകളുമെല്ലാം കൈകാര്യം ചെയ്തിരുന്നത് വേദികയായിരുന്നു. വേദിക വ്യാജ ബില്ലുകൾ ചമച്ച് നടിയെക്കൊണ്ട് ഒപ്പിടുവിച്ചതിനുശേഷം പണം തട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യാത്രച്ചെലവുകളുടെയും മീറ്റിംഗുകളുടെയും ബില്ലുകളാണെന്നാണ് വേദിക നടിയെ ധരിപ്പിച്ചത്. നടിയിൽ നിന്ന് തട്ടിയെടുത്ത പണം സുഹൃത്തിന്റെ അക്കൗണ്ടിലായിരുന്നു ആദ്യം നിക്ഷേപിച്ചിരുന്നത്. പിന്നീടത് സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റുകയായിരുന്നു വേദിക ചെയ്തിരുന്നത്.
ആലിയയുടെ അമ്മ പൊലീസിൽ പരാതി നൽകിയത് മനസിലാക്കിയ വേദിക ഷെട്ടി ഒളിവിൽപ്പോവുകയായിരുന്നു. പതിവായി ഒളിവുസങ്കേതം മാറ്റിയതും പൊലീസിന് വെല്ലുവിളിയായി. ബംഗളൂരുവിൽ നിന്നാണ് യുവതിയെ ഒടുവിൽ പിടികൂടിയത്. ശേഷം ജുഹു പൊലീസ് മുംബയിൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |