ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. മദ്ധ്യപ്രദേശിലെ നർസിംഗ്പൂരിൽ ജൂൺ 27നാണ് ദാരുണസംഭവം നടന്നത്. നഴ്‌സിംഗ് വിദ്യാർത്ഥിയായ സന്ധ്യ ചൗധരിയാണ് (19) കൊല്ലപ്പെട്ടത്. അഭിഷേക് കോഷ്തി എന്ന യുവാവാണ് പെൺകുട്ടിയെ ആക്രമിച്ചത്. കൊലപാതകത്തിന് ശേഷം പ്രതിയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ആശുപത്രിയിലെ ഒരാൾ പകർത്തിയ ദൃശ്യമായിരുന്നു ഇത്.
ആശുപത്രി ജീവനക്കാർ ഉൾപ്പടെയുള്ളവർ നോക്കിനിൽക്കെ പെൺകുട്ടിയുടെ നെഞ്ചിൽ കയറിയിരുന്ന് അഭിഷേക് കഴുത്തറുക്കുകയായിരുന്നു. നിലത്ത് രക്തം വാർന്ന് പെൺകുട്ടി കിടക്കുമ്പോൾ ചിലർ അതുവഴി കടന്നുപോകുന്നതും വീഡിയോയിൽ ഉണ്ട്. പട്ടാപ്പകൽ സെക്യൂരിറ്റി ഗാർഡുകൾക്കും ഡോക്ടർമാർക്കും അടുത്താണ് സംഭവം നടന്നത്. പ്ലസ്ടുവിന് ശേഷം നഴ്‌സിംഗ് തിരഞ്ഞെടുത്ത സന്ധ്യ ട്രെയിനിംഗിന്റെ ഭാഗമായാണ് നർസിംഗ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിയത്.
ആക്രമണത്തിന് മുൻപ് അഭിഷേകും സന്ധ്യയും ആശുപത്രിയിൽ വച്ച് സംസാരിച്ചതായും റിപ്പോർട്ടുണ്ട്. അഭിഷേകിന് സന്ധ്യയെ ഇഷ്ടമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി സന്ധ്യയുമായി പ്രണയത്തിലാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ രണ്ടാഴ്‌ചയായി ഇയാൾ സന്ധ്യയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. പക്ഷേ, ഇക്കാര്യം യുവതി വീട്ടുകാരെ അറിയിച്ചിരുന്നില്ല. കൊലപാതകത്തിന്റെ വ്യക്തമായ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സന്ധ്യയുടെ കുടുംബം വിവരം അറിയുന്നത്. കുടുംബം ആശുപത്രിയിൽ എത്തിയപ്പോഴും പെൺകുട്ടിയുടെ മൃതദേഹം തറയിൽ കിടക്കുകയായിരുന്നു. തുടർന്ന് കുടുംബം ആശുപത്രിയുടെ പുറത്ത് പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |