മലപ്പുറം: നിലമ്പൂരിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കുടുംബം. പളളിക്കുളം സ്വദേശി രതീഷാണ് ജൂൺ പതിനൊന്നിന് വീട്ടിൽ തൂങ്ങിമരിച്ചത്. യുവാവിന്റെ മരണത്തിനുപിന്നിൽ നാലംഗ സംഘമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. മകനെ ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നുവെന്നാണ് രതീഷിന്റെ അമ്മ തങ്കമണി പറഞ്ഞത്. അയൽവാസിയായ സ്ത്രീയടക്കം നാലംഗ സംഘം കാരണമാണ് രതീഷ് ജീവനൊടുക്കിയതെന്ന് സഹോദരൻ രാജേഷും മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന പേരില്‍ സ്ത്രി രതീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ബലം പ്രയോഗിച്ച് നഗ്നനാക്കി യുവതിക്കൊപ്പമുള്ള ഫോട്ടോ എടുത്തു. രണ്ട് ലക്ഷം രൂപ തന്നില്ലെങ്കില്‍ ഫോട്ടോ പുറത്തുവിട്ട് നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം കൊടുക്കാൻ വിസമ്മതിച്ചതോടെ ഫോട്ടോ രതീഷിന്റെ ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കും സ്കൂള്‍ ഗ്രൂപ്പിലേക്കും അയച്ച് നാണം കെടുത്തി. ഇതാണ് രതീഷിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് രാജേഷ് പറഞ്ഞു.
മകന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് തങ്കമണിയും പ്രതികരിച്ചു. ഇനി മറച്ചുവയ്ക്കാനില്ല, സത്യം എല്ലാവരും അറിയട്ടെയെന്നും അമ്മ പറഞ്ഞു. പൊലീസിനെതിരേയും കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്. പൊലീസ് കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് കുടുംബം പറയുന്നത്. അതേസമയം, രതീഷിന്റെ ഭാര്യയും അമ്മയും നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് എടക്കര പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |