കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. യുവതിയെ കൊലപ്പെടുത്തി ജയിലിൽ പോകാൻ തയ്യാറാണെന്ന് സതീഷ് പറയുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പത്ത് വർഷം പീഡനം സഹിച്ചെന്ന് യുവതി ഒരു വീഡിയോയിൽ പറയുന്നുണ്ട്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപെടുത്ത വീഡിയോ ആകാം ഇവയെന്നാണ് പ്രാഥമിക നിഗമനം, കുത്തിമലർത്തുമെന്നും ഷാർജ വിട്ടുപോകാൻ അതുല്യയെ അനുവദിക്കില്ലെന്നും ജീവിക്കാൻ വിടില്ലെന്നും സതീഷ് വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോകൾ ബന്ധുക്കൾ കുടുംബകോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
നേരത്തേയും അതുല്യ മാനസികമായും ശാരീരികമായും കടുത്ത പീഡനത്തിനിരയാകുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. ജൂലായ് 19നാണ് യുവതി ജീവനൊടുക്കിയത്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുത്തിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടയിൽ തന്നെ സതീഷ് ഷാർജയിൽ നിന്ന് നാട്ടിലെത്തിയിരുന്നു. വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായ സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇയാളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരിക്കുകയാണ്. സെപ്‌തംബർ രണ്ടിന് കോടതി ഹർജി പരിഗണിക്കും.
ഷാർജയിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ യുവതിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം നാട്ടിൽ എത്തിച്ച് റീ പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് സംസ്കാരം നടത്തിയത്. സതീഷ് മദ്യപാനിയാണെന്നും നിരന്തരമായി ഉപദ്രവിച്ചിട്ടുണ്ടെന്നും അതുല്യ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച സന്ദേശം പുറത്തുവന്നിരുന്നു. അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |