
ന്യൂഡൽഹി: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ 13കാരിയായ മകളോട് നഗ്‌നചിത്രങ്ങൾ ആവശ്യപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. മഹാരാഷ്ട്ര സൈബർ പൊലീസാണ് ഡിജിറ്റൽ ട്രാക്കിംഗിലൂടെ പ്രതിയെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ മുംബയ്‌യിൽ നടന്ന സൈബർ ബോധവൽക്കരണ പരിപാടിയിൽ തന്റെ മകൾക്കുണ്ടായ ദുരനുഭവം അക്ഷയ് കുമാർ വെളിപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അക്ഷയ് കുമാർ തുറന്നുപറഞ്ഞതിന് പിന്നാലെയാണ് മഹാരാഷ്ട്ര സൈബർ സെൽ അന്വേഷണം ആരംഭിച്ചത്.
വീഡിയോ ഗെയിം കളിക്കുന്നതിനിടയിൽ അപരിചിതനായ ഒരാളിൽ നിന്ന് മകൾക്ക് സന്ദേശങ്ങൾ ലഭിക്കുകയായിരുന്നുവെന്ന് അക്ഷയ് കുമാർ പറഞ്ഞു. തുടക്കത്തിൽ വളരെ മാന്യമായ രീതിയിലായിരുന്നു സംഭാഷണം. എന്നാൽ മകൾ മുംബയ്‌യിൽ നിന്നാണെന്നും പെൺകുട്ടിയാണെന്നും മനസിലാക്കിയതോടെ വ്യക്തിയുടെ പെരുമാറ്റം മാറി. കുറച്ചുനേരം ഗെയിമിനെക്കുറിച്ച് സംസാരിച്ച ശേഷം, മകളുടെ നഗ്നചിത്രം അയച്ചുതരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഭയന്നുപോയ മകൾ ഉടൻ തന്നെ ഗെയിം ഓഫ് ചെയ്യുകയും വിവരം അമ്മയെ അറിയിക്കുകയും ചെയ്തു. കുട്ടികൾ ഇത്തരം കെണികളിൽ വീഴാതിരിക്കാൻ മാതാപിതാക്കളോട് കാര്യങ്ങൾ തുറന്നുപറയേണ്ടത് അത്യാവശ്യമാണെന്നും അക്ഷയ് കുമാർ ഓർമ്മിപ്പിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ തെരുവിലെ കുറ്റകൃത്യങ്ങളേക്കാൾ ഭീകരമായി വളരുകയാണെന്നും താരം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ലോകത്തെ അപകടങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ സ്കൂളുകളിൽ ആഴ്ചയിലൊരിക്കലെങ്കിലും പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു. നിലവിൽ പ്രതിയിലായ പ്രതി മറ്റ് കുട്ടികളെയും സമാനമായ രീതിയിൽ മോശമായി പെരുമാറിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |