
തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ വ്യാജ തിരിച്ചറിയിൽ കാർഡുകളുമായി പിടിയിലായ ബംഗ്ലാദേശ് യുവതികൾ സ്പായിൽ ജോലി ചെയ്തത് ബംഗാൾ സ്വദേശികൾ എന്ന വ്യാജേന. ബംഗ്ലാദേശ് സ്വദേശികളായ റുമ പർണാഭ (21), റിമ ഷെയ്ഖ് (21) എന്നിവരെയാണ് ഇന്നലെ ഡി.സി.പിയുടെ നിർദ്ദേശ പ്രകാരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ജഗതി ഇടപ്പഴഞ്ഞിയിൽ പ്രവർത്തിക്കുന്ന ഒരു സ്പായിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. സ്ഥാപനത്തിന്റെ ഉടമകളായ തിരുവല്ലം സ്വദേശി നിഹു ഹുസൈൻ (29), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണൻ (34) എന്നിവരും അറസ്റ്റിലായി.
യുവതികളിൽ നിന്ന് വ്യാജപാൻ കാർഡും ആധാർ കാർഡും പിടിച്ചെടുത്തതായാണ് വിവരം. പാസ്പോർട്ടോ മറ്റ് അനുബന്ധ യാത്രാരേഖകളോ ഇല്ലാതെയാണ് യുവതികൾ കേരളത്തിൽ എത്തിയതെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. സ്പായിൽ തെറാപ്പിസ്റ്റുകളായാണ് യുവതികൾ ജോലി ചെയ്തിരുന്നത്. വർക്കലയിലാണ് ഇരുവരും താമസിച്ചിരുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് എൻ.ഐ.എയ്ക്ക് റിപ്പോർട്ട് ചെയ്തതായും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |