SignIn
Kerala Kaumudi Online
Sunday, 26 April 2026 8.30 AM IST

യുവാക്കൾക്ക് വെട്ടേറ്റ സംഭവം: ഒരാൾ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
1

വിഴിഞ്ഞം: കോവളത്ത് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ രണ്ടുപേർക്ക് വെട്ടറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മൂന്നാം പ്രതി വെങ്ങാനൂർ ആർ.കെ.എൻ റോഡിൽ ശിവകൃപയിൽ സച്ചിനെയാണ് (30) കോവളം പൊലീസ് പിടികൂടിയത്. മറ്റ് പ്രതികളെ അറസ്റ്റുചെയ്യാനായി പ്രത്യേക സംഘത്തെ രൂപീകരിച്ചെന്ന് കോവളം എസ്.എച്ച്.ഒ ജെ.പി.അരുൺകുമാർ അറിയിച്ചു.

പിടിയിലായ സച്ചിൻ,​ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണയ്‌ക്ക് 2020ൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണെന്ന് പൊലീസ് പറഞ്ഞു. 23ന് രാത്രി 10.30ഓടെ കോവളം കുഴിവിള ക്ഷേത്രോത്സവത്തിനിടെ നടന്ന സംഭവത്തിൽ വെങ്ങാനൂർ നീലകേശി പണ്ടാരവിളാകം ഉത്രാടം ഹൗസിൽ നവീൻരാജ് (32),സുഹൃത്തുക്കളായ വിഷ്ണുദേവ് (30) എന്നിവർക്കാണ് വെട്ടേറ്റത്. നവീൻരാജിന്റെ ഇടത് കൈക്കുഴയുടെ ഞരമ്പ് മുറിയുകയും കൈ ഒടിയുകയും ചെയ്തു. വിഷ്ണുദേവിന്റെ വയറ്റിലാണ് മുറിവ്.

ക്ഷേത്രത്തിലെ കലാപരിപാടി കാണാൻ വന്നവർ തമ്മിലാണ് വാക്കേറ്റവും അടിപിടിയുമുണ്ടായത്. സംഭവത്തിൽ കോവളത്ത് കേരള കഫേ ഹോട്ടൽ നടത്തുന്ന ഉണ്ണി,സുഹൃത്തുക്കളായ പ്രണവ്,സച്ചിൻ,വിപിൻ രാജ് എന്നിവർക്കെതിരെയാണ് കോവളം പൊലീസ് കേസെടുത്തത്. പരിക്കേറ്റവരുടെ സുഹൃത്തായ അരുൺ ചന്ദ്രനും രണ്ടാം പ്രതി പ്രണവും തമ്മിലാണ് തർക്കമുണ്ടായത്. തുടർന്ന് ഇവരെ പറഞ്ഞുവിട്ടെങ്കിലും തിരികെ സംഘടിച്ചെത്തി അരുൺ ചന്ദ്രനെ ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് രണ്ടുപേരെ വെട്ടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ