
ബംഗളുരു : കന്നഡ നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ദുബായിൽ നിന്ന് 127.87 കിലോ സ്വർണം രന്യ റാവു കടത്തിയെന്നാണ് കേസ്. വ്യാജരേഖകളും ബംഗളുരു വിമാനത്താവളത്തിലെ വി.ഐ.പി സൗകര്യങ്ങളും ഉപയോഗിച്ചായിരുന്നു സ്വർണക്കടത്ത് നടത്തിയത്. ബംഗളുരു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നടിയുടെ കൂട്ടാളിയായ തരുൺ കൊണ്ടൂരുവിനെയും ബെല്ലാരിയിലെ സ്വർണവ്യാപാരി സാഹിൽ സക്കറിയ ജെയിനിനെയും പ്രതിയാക്കിയിട്ടുണ്ട്.
ദുബായ് വിപണിയിൽ ഭൂരിഭാഗം സ്വർണവും ആഫ്രിക്കൻ ഖനികളിൽ നിന്നാണെന്നറിഞ്ഞ നടിയും തരുണും ആഫ്രിക്കയിൽ നിന്ന് നേരിട്ട് സ്വർണം ശേഖരിക്കാൻ പദ്ധതിയിട്ടു. ഇതിനായി ദുബായിൽ 'വീര ഡയമണ്ട്സ് ട്രേഡിംഗ്' എന്നൊരു കമ്പനി സ്ഥാപിക്കുകയും ഉഗാണ്ട, കെനിയ, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്ന് സ്വർണം എത്തിക്കാൻ ശ്രമിക്കുകയുംചെയ്തു. എന്നാൽ സ്വർണം ലഭിച്ചില്ല. ഇതിന് ശേഷം ദുബായിലെ ഗോൾഡ് സൂക്കിൽ നിന്ന് സ്വർണം വാങ്ങാൻ തുടങ്ങി. തുടർന്ന് രന്യ റാവു ദുബായ് വിമാനത്താവളം വഴി സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് ബെംഗളൂരുവിലേക്ക് കടത്തുകയായിരുന്നു. 2024 മാർച്ചിനും 2025 മാർച്ചിനും ഇടയിൽ 15 തവണ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയും ഏകദേശം 127.87 കിലോഗ്രാം സ്വർണം കടത്തുകയും ചെയ്തു. 102 കോടി രൂപ വിലവരുന്ന ഈ സ്വർണം ഇന്ത്യയിലെ വിവിധ ജുവലറികൾക്കും ഇടനിലക്കാർക്കുമാണ് വിറ്റഴിച്ചിരുന്നത്.
രഹസ്യാന്വേഷണ വിവരങ്ങളെത്തുടർന്നാണ് സ്വർണക്കടത്ത് തട്ടിപ്പ് പുറത്തുവന്നത്. ദുബായിൽ നിന്ന് മടങ്ങിയെത്തിയ രന്യ റാവുവിനെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് അധികൃതർ തടയുകയും 12.56 കോടി രൂപ വിലവരുന്ന 14.2 കിലോഗ്രാം സ്വർണക്കട്ടികൾ പിടിച്ചെടുക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് നടിയുടെ 34 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |