പൂവാർ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ അമിത ലാഭം വാഗ്ദാനം ചെയ്‌ത് പൂവാർ സ്വദേശിയിൽ നിന്ന് 50.75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പൂവാർ ഗവ.ആശുപത്രിക്ക് സമീപം എരിക്കലുവിള ജി.ബി ഭവനിൽ ജോർജ് ഏലിയാസിനാണ് (61) പണം നഷ്ടമായത്.
2025 ഡിസംബർ 31 മുതൽ 2026 ഫെബ്രുവരി മൂന്നുവരെ വിവിധ ദിവസങ്ങളിലായാണ് പണം നഷ്ടപ്പെട്ടത്. എസ്.ബി.ഐ പൂവാർ ശാഖയിലെ അക്കൗണ്ടിൽ നിന്ന് 22.75 ലക്ഷം രൂപയും കൊട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ പൂവാർ ശാഖയിൽ നിന്ന് 28 ലക്ഷം രൂപയും അയച്ചതായി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അചിന്ത്യ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്.
നിക്ഷേപിക്കുന്ന തുക അനുസരിച്ച് വൻ ലാഭം ലഭിക്കുമെന്ന് അവർ വിശ്വസിപ്പിച്ചു. ഇതിനായി വ്യാജ മൊബൈൽ ആപ്ലിക്കേഷനും തട്ടിപ്പുകാർ ജോർജിന് നൽകി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചപ്പോൾ അടുത്ത ദിവസം അത് 1.75 ലക്ഷം രൂപയായി. ഇത് ശരിയാണെന്ന് വിശ്വസിച്ച് കൂടുതൽ പണം നിക്ഷേപിക്കുകയായിരുന്നു. പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് ബോദ്ധ്യമായത്. ഉടൻ തന്നെ അവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് പൂവാർ പൊലീസിന് പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |