പട്ടിമറ്റം: പുളിഞ്ചുവടിലെ ജിയോ ബി.പി പെട്രോൾ പമ്പിൽ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് നടത്തിയ അക്രമത്തിൽ ജീവനക്കാർക്ക് മർദ്ദനമേറ്റു. ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഇന്ധനം നിറയ്ക്കുന്നതിനായി പമ്പിലേക്ക് കയറിയ ‘വേടൻ’ എന്ന ബസ് അശ്രദ്ധമായി പിന്നോട്ടെടുത്തപ്പോൾ ഡിസ്പെൻസർ മെഷീനിൽ ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പമ്പ് ജീവനക്കാരനെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിവരമറിഞ്ഞ് പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ പൊലീസിനോടും തട്ടിക്കയറി പമ്പ് പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിൽ ഡിസ്പെൻസർ മെഷീൻ തകർന്നതോടെ ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പമ്പ് അധികൃതർ അറിയിച്ചു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ സി.സി ടിവി ക്യാമറകളിൽനിന്ന് ശേഖരിച്ച് പുത്തൻകുരിശ് പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |