കാൻപൂർ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെ ടി.വി ഓഫ് ചെയ്ത മകനെ കൊലപ്പെടുത്തി പിതാവ്. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. മകൻ ദീപക്കിനെ മൊബൈൽ ഫോൺ ചാർജർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ ഗണേഷ് പ്രസാദിനെ കാൻപൂരിൽ നിന്ന് പൊലീസ് പിടികൂടി.
ടിവിയിൽ ഗണേഷ് പ്രസാദ് മത്സരം കണ്ടുകൊണ്ടിരിക്കുമ്പോൾ മകൻ ദീപക് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. രാത്രി ഭക്ഷണം പാകം ചെയ്ത ശേഷം മത്സരം കാണൂവെന്ന ആവശ്യം പിതാവ് ചെവിക്കൊള്ളാതെ വന്നപ്പോൾ ദീപക് ടിവി ഓഫ് ആക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന പിതാവിനെ ഇത് ചൊടിപ്പിക്കുകയും ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തു.
തർക്കം തുടർന്ന് കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ എത്തിയതോടെ മൊബൈൽ ഫോണിന്റെ ചാർജർ കേബിൾ കൈയ്യിലെടുത്ത് മകന്റെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മകൻ തന്റെ കൈകൊണ്ട് കൊലപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെ ഗണേഷ് സ്ഥലംവിടുകയും ചെയ്തു.
ദീപക്കിന്റെ മൃതദേഹം ഒരു ബന്ധുവാണ് കണ്ടത്. ഇയാൾ വിവരമറിയിച്ചത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. ക്രിക്കറ്റ് കളി കാണുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
പിതാവും മകനും ഒരുമിച്ച് മദ്യപിക്കുന്നതും വഴക്കിലേർപ്പെടുന്നതും പതിവാണെന്നും ചകേരി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണർ ബ്രിജ് നാരായൺ സിംഗ് പറഞ്ഞു. മകൻ മദ്യപിച്ചെത്തി മർദ്ദിച്ചതിനെ തുടർന്ന് ദീപക്കിന്റെ മാതാവ് കഴിഞ്ഞയാഴ്ച വീട് വിട്ട് പോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |