കോട്ടയം: കാണക്കാരിയിൽ 59കാരൻ ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. പ്രതിയായ സാം കെ ജോർജ് വിദേശവനിതകളുമായി ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് ഇയാളുടെ ഭാര്യ ജെസിയുടെ (50) മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സാമിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്യസ്ത്രീകളുമായി സാം ബന്ധംപുലർത്തിയത് ജെസി ചോദ്യം ചെയ്തതാണ് കൊലയിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 26നാണ് ജെസി കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ നിന്നും കാണാതായത്. വിദേശത്തുള്ള മക്കൾ ജെസിയുമായി 26ന് ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് ബന്ധപ്പെടാൻ കഴിയാതെ വന്നു. 29ന് മക്കൾ ജെസിയുടെ സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സാമുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ തോന്നുകയായിരുന്നു.
ബംഗളൂരുവിലായിരുന്ന സാമിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തായത്.സെപ്തംബർ 26ന് ഇയാൾ ജെസിയെ വീട്ടിൽ വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കാറിലാക്കി തൊടുപുഴക്കടുത്ത് ചെപ്പുകുളം കൊക്കയിൽ തള്ളി. ഇയാളുടെ മൊഴി അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് 30 അടിയോളം താഴ്ചയുള്ള സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
2005 മുതൽ ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹമോചനക്കേസ് പാലാ കോടതിയിൽ നടന്നുവരികയാണ്. കേസ് നടക്കുന്നുണ്ടെങ്കിലും ഇരുവരും വീടിന്റെ രണ്ടുനിലയിലായിരുന്നു താമസം. സാമിന് വിദേശികളും സ്വദേശികളുമായുള്ള പല സ്ത്രീകളുമായുള്ള ബന്ധമുണ്ടെന്നായിരുന്നു ജെസിയുടെ ആക്ഷേപം. പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ ആറ് മാസമായി ജെസി ഒറ്റയ്ക്കാണ് വീടിന്റെ മുകൾനിലയിൽ താമസിച്ചിരുന്നത്. കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുൻപ് വിദേശ യുവതിയുമായി സാം വീട്ടിലെത്തിയതിനെ തുടർന്ന് ജെസി വഴക്കിട്ടിരുന്നതായും പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |