നെടുമങ്ങാട്: ഫ്ലക്‌സ് ബോർഡിനെച്ചൊല്ലി കായ്പാടിയിൽ സി.പി.എം-എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. 4 എസ്.ഡി.പി.ഐ പ്രവർത്തകർക്കും 3 സി.പി.എം പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.
കുമ്മിപ്പള്ളി–കായ്പാടി–മുല്ലശേരി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സി.പി.എമ്മും എസ്.ഡി.പിഐയും കായ്പാടി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. ശനിയാഴ്ച രാത്രി 10ഓടെയാണ് സംഭവം. തങ്ങൾ സ്ഥാപിച്ച ഫ്ലക്‌സ് ബോർഡ് സി.പി.എം പ്രവർത്തകർ കത്തിച്ചു എന്നാണ് എസ്.ഡി.പി.ഐയുടെ പരാതി. ഇതുചോദ്യം ചെയ്‌തവരെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചെന്നും അവർ ആരോപിച്ചു.
പരിക്കേറ്റ എസ്.ഡി.പി.ഐ പ്രവർത്തകരായ നിസാം,സമദ്,ഷംനാദ്,നാദിർഷ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ കായ്‌പാടി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സി.പി.എം കൊടിയും ഫ്ലക്‌സ് ബോർഡും എസ്.ഡി.പി.ഐ പ്രവർത്തകർ നശിപ്പിക്കാനെത്തിയപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്‌തതെന്ന് സി.പി.എം പ്രവർത്തകരുടെ വാദം.
സി.പി.എം പ്രവർത്തകരായ ആർ.പ്രീത,ജലീൽ,എം.ഹക്കീംജി എന്നിവർ പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് പാർട്ടിക്കാരുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |