ചെന്നൈ: ഒന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ വീടിന്റെ ബാൽക്കണിയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. തമിഴ്‌നാട് ഇഞ്ചമ്പാക്കത്താണ് സംഭവം. ഇരട്ടക്കുട്ടികളിൽ ഒരാൾ ജന്മനാ അസുഖ ബാധിതയാണെന്നും അതിനാൽ, കടുത്ത വിഷമത്തിലാണ് ഇങ്ങനെ ചെയ്‌തതെന്നുമാണ് മാതാവ് ഭാരതി (30) മൊഴി നൽകിയത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായ അരുണിനും ഭാരതിക്കും 43 ദിവസം മുമ്പാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്.
സംഭവദിവസം കുട്ടികളിൽ ഒരാളെ കാണാനില്ലെന്ന് ഭാരതി നിലവിളിച്ചു. ഇതുകേട്ടെത്തിയ ബന്ധുക്കൾ ഏറെ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ നീലാങ്കര പൊലീസിൽ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി തെരച്ചിൽ നടത്തിയപ്പോഴാണ് വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ കിടന്ന ബാഗിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തതോടെയാണ് മാതാവ് കുറ്റം സമ്മതിച്ചത്. വീട്ടിൽ ആരും ഇല്ലാതിരുന്നപ്പോൾ കുഞ്ഞിനെ ബാഗിലാക്കി ബാൽക്കണിയിൽ നിന്ന് എറിഞ്ഞതാണെന്ന് ഭാരതി പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്ര്‌മോർട്ടം റിപ്പോർട്ട് വന്നശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു എന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |