കണ്ണൂർ: കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ. തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്. പൊലീസിനെയും നാട്ടുകാരെയും കണ്ടയുടൻ ഇയാൾ കിണറ്റിലേക്ക് ചാടുകയായിരുന്നു. പൊലീസ് കിണറ്റിൽ നിന്ന് പൊക്കിയെടുത്തു.
കറുത്ത പാന്റാണ് വേഷം. ഷർട്ട് ധരിച്ചിരുന്നില്ല. ഗോവിന്ദച്ചാമിയെ വിശദമായി ചോദ്യം ചെയ്യും. ജയിൽ ചാടാൻ ആരെങ്കിലും സഹായിച്ചോ എന്നതിനെക്കുറിച്ചും അന്വേഷിക്കും. വളരെ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.
ഇന്ന് പുലർച്ചെ 1.15ഓടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ 4,.15ന് ശേഷമാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് പൊലീസ് പിന്നീട് അറിയിച്ചത്. കണ്ണൂർ നഗരത്തിന് പുറത്തേക്കും കോഴിക്കോട്, കാസർകോട് ജില്ലകളിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും ഗോവിന്ദച്ചാമിയെ കണ്ടെത്തുന്നതിനായി തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിൽ ഗോവിന്ദച്ചാമിയെ കണ്ടതായി നാട്ടുകാർ പ്രതികരിച്ചിരുന്നു. ഇതുപ്രകാരം ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് ഗോവിന്ദച്ചാമി യുവതിയെ ബലാത്സംഗം ചെയ്‌തത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി. ജോലി കഴിഞ്ഞ് ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വനിതാ കമ്പാർട്ട്‌മെന്റിൽ തനിച്ചുണ്ടായിരുന്ന യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട ഗോവിന്ദച്ചാമി കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്‌തു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി ആറിനാണ് മരിച്ചത്.
തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്നാണ് യഥാർത്ഥ പേര്. തമിഴ്നാട്ടിൽ മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |