
മുംബയ്: ബലാത്സംഗ കുറ്റത്തിന് സംവിധായകൻ സനോജ് മിശ്ര അറസ്റ്റിലായ സംഭവത്തിൽ ട്വിസ്റ്റ്. താൻ ഗൂഢാലോചനയുടെ ഭാഗമായെന്നും പരാതി പിൻവലിച്ചെന്നും പരാതിക്കാരി വീഡിയോയിലൂടെ പ്രതികരിച്ചിരിക്കുകയാണ്.
സനോജിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് യുവതിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സനോജ് മിശ്രയ്‌ക്കെതിരെ കള്ളക്കേസ് കൊടുക്കാൻ നിർമ്മാതാവ് വസീം റിസ്വിയും മറ്റ് നാല് പേരുമാണ് നിർദേശിച്ചത്. കേസ് പിൻവലിക്കാൻ ശ്രമിപ്പോൾ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി ആരോപിച്ചു.
'ഞാൻ സനോജ് മിശ്രയോടൊപ്പം ജോലി ചെയ്‌തുവരികയായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനുശേഷം ചിലർ പരാതി നൽകാൻ നിർബന്ധിച്ചു. അതേ സമയത്താണ്, മൊണാലിസ (മഹാകുംഭ് ഫെയിം) സനോജ് മിശ്രയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തത്.
ആ കാലയളവിൽ ചിലർ വ്യാജ ഫോട്ടോകൾ അയച്ചു തന്ന് മാനസികമായി പീഡിപ്പിച്ചു, അതിന്റെ ഫലമായി ഞാൻ സനോജ് മിശ്രയ്‌ക്കെതിരെ കേസ് കൊടുത്തു. പിന്നീട്, സത്യം പറയാൻ എനിക്ക് തോന്നി. കേസ് പിൻവലിക്കാൻ സത്യവാങ്മൂലം സമർപ്പിക്കാൻ ഞാൻ കോടതിയിൽ പോയപ്പോൾ, ചിലർ എന്നെ ഭീഷണിപ്പെടുത്തി. നിന്നെ ഞാൻ ജയിലിലടയ്ക്കും എന്ന് അവർ പറഞ്ഞു.'- എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി തുടർച്ചയായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു യുവതി നേരത്തെ രംഗത്തെത്തിയത്. 2000ൽ ത്സാൻസിയിൽ താമസിക്കുന്ന സമയത്ത് ടിക്ക് ടോക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹിക മാദ്ധ്യങ്ങളിലൂടെയാണ് സനോജ് മിശ്രയുമായി പരിചയപ്പെട്ടതെന്നും യുവതി പറഞ്ഞിരുന്നു.
പിന്നീട് ഇരുവരും തമ്മിൽ സൗഹൃദം വളർന്നു . 2021 ജൂണിൽ ഝാൻസി റെയിൽവേ സ്റ്റേഷനിലേക്ക് എത്താൻ സനോജ് മിശ്ര ആവശ്യപ്പെട്ടുവെന്നും വിസമ്മതിച്ചതോടെ സംസാരം ഭീഷണിയുടെ സ്വരത്തിലായെന്നും പരാതിയിലുണ്ടായിരുന്നു. ജീവൻ തന്നെ അപകടത്തിലാക്കും എന്ന തരത്തിലായിരുന്നു ഭീഷണി. തുടർന്ന് അടുത്ത ദിവസം സംവിധായകനെ കാണാനെത്തി. ഇതോടെ റിസോർട്ടിലേക്ക് കൂട്ടികൊണ്ടു പോവുകയും അവിടെവച്ച് രാസലഹരി വസ്തുക്കൾ നൽകി ഉപദ്രവിച്ചുവെന്നുമായിരുന്നു പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |