ഹൈദരാബാദ്: കർഷകനായ പിതാവ് ആഡംബരകാറായ ബിഎംഡബ്ല്യു വാങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ 21കാരൻ ജീവനൊടുക്കി. തെലങ്കാനയിലെ ചറ്റ്ലപ്പള്ളിയിലാണ് സംഭവം. 21കാരനായ ബൊമ്മ ജോണിയാണ് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്‌തത്. അച്ഛൻ കനകയ്യയോടും അമ്മയോടും ജോണി ബിഎംഡബ്ല്യു കാർ വാങ്ങിത്തരണമെന്ന് നിരന്തരം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കിയിരുന്നു. എന്നാൽ സാധാരണ കർഷകരായ അവർക്ക് കാറൊന്നും വാങ്ങിത്തരാൻ കഴിഞ്ഞിരുന്നില്ല. വേണമെങ്കിൽ സ്വിഫ്‌റ്റ് ഡിസയർ വാങ്ങിത്തരാമെന്ന് കനകയ്യ പറഞ്ഞുനോക്കിയെങ്കിലും ജോണി അതൊന്നും വകവച്ചില്ല. മകനെ സമാധാനിപ്പിക്കാൻ ഇവർ സിദ്ധിപേട്ടിലെ മാരുതി ഷോറൂമിൽ പോകുകയും ചെയ്‌തു. എന്നാൽ ജോണിക്ക് അതിഷ്‌ടമായില്ല.
ഇയാൾ ഇതേകാര്യം ആവശ്യപ്പെട്ട് മാതാപിതാക്കളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ജഗദേവ്‌പൂർ എസ് ഐ ചന്ദ്ര മോഹനും സ്ഥിരീകരിക്കുന്നു. രണ്ടേക്കർ സ്ഥലത്ത് സ്വന്തമായി കൃഷിചെയ്യുന്നയാളായിരുന്നു കനകയ്യ. സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട കുടുംബമായിരുന്നില്ല ഇവരുടേതെന്നും പൊലീസ് പറയുന്നു. സ്‌കൂൾ പഠനം പൂർത്തിയാക്കാത്ത ജോണി ജോലിക്കൊന്നും പോകാതെ മുഴുവൻ സമയവും വീട്ടിൽ തന്നെ കഴിയുന്നയാളായിരുന്നു.
ആദ്യമെല്ലാം രണ്ടേക്കർ സ്ഥലം വിറ്റ് തനിക്ക് ഒരു പുതിയ വീട് നിർമ്മിച്ചുതരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജോണി മാതാപിതാക്കളോട് വഴക്കുണ്ടാക്കിയിരുന്നത്. പിന്നീട് ബിഎംഡബ്ല്യു ആഡംബര കാർ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. മാരുതി കാർ ഷോറൂമിൽ പോയ വെള്ളിയാഴ്‌ച വൈകുന്നേരം കാർ വാങ്ങാതെ ഇയാൾ തിരികെ വീട്ടിലെത്തി. ശേഷം കീടനാശിനി കഴിക്കുകയായിരുന്നു. ഗജ്‌വെലിലെ സർക്കാർ ആശുപത്രിയിലും പിന്നാലെ മുളുഗിലെ ആർവിഎം ആശുപത്രിയിലും എത്തിച്ചെങ്കിലും ശനിയാഴ്‌ച രാത്രിയോടെ മരിച്ചതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |