ആലപ്പുഴ: സാധനങ്ങൾ വാങ്ങിയ കസ്റ്റമർ ഫോൺപേ വഴി പണം നൽകിയതിന് പിന്നാലെ കടയുടമയുടെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ആലപ്പുഴ തലവടി പുത്തൻപുരയ്ക്കൽ പി എസ് സിന്ധുവിന്റെ അക്കൗണ്ട് മുംബയ് പൊലീസാണ് മരവിപ്പിച്ചത്. തലവടി സ്വദേശിനിയായ യുവതിയാണ് ഫോൺപേ വഴി സിന്ധുവിന് പണം നൽകിയത്.
കഴിഞ്ഞമാസം 24നാണ് സാധനങ്ങൾ വാങ്ങിയതിനുശേഷം യുവതി സിന്ധുവിന് 1000 രൂപ ഫോൺപേയിലൂടെ കൈമാറിയത്. സ്വകാര്യബാങ്കിന്റെ തലവടി ശാഖയിലാണ് സിന്ധുവിന് അക്കൗണ്ടുള്ളത്. മേയ് രണ്ടിനാണ് സിന്ധുവിന് ബാങ്കിൽ നിന്ന് ആദ്യ നോട്ടീസ് ലഭിക്കുന്നത്. ഫോൺപേയിലൂടെ സ്വീകരിച്ച 1000 രൂപ പിൻവലിക്കാനാകില്ലെന്നായിരുന്നു നോട്ടീസിൽ അറിയിച്ചിരുന്നത്. മേയ് ആറിന് വീണ്ടും നോട്ടീസ് ലഭിച്ചതിന് പിന്നാലെ പണം നൽകിയ യുവതിയുമായി സിന്ധു ബാങ്കിലെത്തി. അപ്പോഴാണ് യുവതിയുടെ അക്കൗണ്ടും പൊലീസ് മരവിപ്പിച്ചിരിക്കുന്നതായി അറിയുന്നത്.
കഴിഞ്ഞ 22ന് ബാങ്കിൽ നിന്ന് സിന്ധുവിന് മറ്റൊരു നോട്ടീസ് കൂടി ലഭിച്ചു. അക്കൗണ്ട് പൂർണമായും മരവിപ്പിച്ചതായാണ് നോട്ടീസിലുണ്ടായിരുന്നത്. മുംബയ് പൊലീസിന്റെ നിർദേശപ്രകാരമാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് ബാങ്ക് അധികൃതർ പറഞ്ഞത്.
സിന്ധുവിന് ഫോൺപേ വഴി പണം നൽകിയ യുവതിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഭർത്താവ് അയച്ചുനൽകിയ പണമാണ് ഫോൺപേയിലൂടെ സിന്ധുവിന് നൽകിയത്. യുവതി എടത്വായിലെ ഒരു ഇലക്ട്രിക് കടയിലും ഫോൺപേയിലൂടെ പണം നൽകിയിരുന്നു. ഈ കടയുടമയുടെ അക്കൗണ്ടും മരവിപ്പിച്ചതായാണ് വിവരം.
അക്കൗണ്ട് മരവിപ്പിച്ചതിൽ സിന്ധു എടത്വാ പൊലീസിൽ പരാതി നൽകി. എടത്വാ പൊലീസ് ആദ്യമായാണ് ഇത്തരം കേസ് കൈകാര്യം ചെയ്യുന്നതിനാൽ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകാൻ സിന്ധുവിനോട് നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |