
കൊച്ചി: ഇടപ്പള്ളിയിൽ രണ്ട് യുവാക്കളുടെ ജീവനെടുക്കുകയും രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത വാഹനാപകടത്തിൽ കഞ്ചാവ് കേസും രജിസ്റ്റർചെയ്ത് പൊലീസ്. താറുമാറായ കാറിൽ നടത്തിയ പരിശോധനയിൽ ഡാഷ്‌ബോർഡിൽ നിന്ന് 1.85 ഗ്രാം കഞ്ചാവും അത് വലിക്കാൻ ഉപയോഗിക്കുന്ന സാമഗ്രിയും കണ്ടെത്തിയ സാഹചര്യത്തിലാണിത്. അമിതവേഗത്തിലായിരുന്നു കാർ. കാറിലുണ്ടായിരുന്നവർ കഞ്ചാവ് ഉപയോഗിച്ചിരുന്നോയെന്ന സംശയം ഇതോടെ ബലപ്പെട്ടു. ആരെയും പ്രതി ചേർത്തിട്ടില്ല.
വെള്ള പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ഇത് ഇന്ന് കോടതിയിൽ ഹാജരാക്കും. ശനിയാഴ്ച പുലർച്ചെ 3.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുണ്ടായ അപകടത്തിൽ ആലപ്പുഴ അവലുക്കുന്ന് എം.എം മൻസിലിൽ മുനീർ നസീർ (22), ആലപ്പുഴ സ്റ്റേഡിയം വാർഡിൽ തപാൽ പറമ്പിൽ വീട്ടിൽ ഹാറൂൺ ഷാജി (24) എന്നിവരാണ് മരിച്ചത്. ആലപ്പുഴ വലിയമരം ഇലയിൽ വീട്ടിൽ യാക്കൂബ് ഹാരിസ് (20), വലിയമരം കൊച്ചുകണ്ടത്തിൽ വീട്ടിൽ ആദിൽ സിയാദ് (20) എന്നിവരാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. യാക്കൂബിനും ആദിലിനും തലച്ചോറിന് ഇളക്കം തട്ടിയിട്ടുണ്ട്. ഒരാളുടെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിന് മുറിവുണ്ടായി. ഒരാളുടെ കൈ ഒടിഞ്ഞു. പാഞ്ഞുവന്ന കാർ നിയന്ത്രണം തെറ്റി 500ാം നമ്പർ മെട്രോപില്ലറിൽ തട്ടിത്തെറിച്ച് അടുത്ത പില്ലറിൽ ഇടിച്ച ശേഷം എതിർവശത്തെ റോഡിലേക്ക് പതിക്കുകയായിരുന്നു. യാക്കൂബാണ് കാർ ഓടിച്ചത്. ഇടതുവശത്ത് മുന്നിലും പിന്നിലുമായിരുന്നു മുനീറും ഹാരിസും.
പ്രവാസിയായ സുഹൃത്ത് അബ്ദുള്ള സുബൈറിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരിക്കാനുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്. ദേശീയപാതവഴി ഇടപ്പള്ളിയിൽ എത്തി വഴിതെറ്റി പാലാരിവട്ടം ഭാഗത്തേക്ക് മുന്നോട്ട് പോകുന്നതിനിടെയാണ് അപകടം. കാർ വന്നുപതിച്ച പാതയിലൂടെ സെക്കൻഡുകൾക്ക് മുമ്പേ വാഹനങ്ങൾ കടന്നുപോയിരുന്നു. അവർ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |