
മൂവാറ്റുപുഴ: അനധികൃതമായി സ്ഫോടകവസ്തുക്കൾ കൈവശം വച്ച കേസിലെ പ്രതി പെരുമ്പാവൂർ പൂപ്പാനി മംഗലശ്ശേരി വീട്ടിൽ മാഹിൻ ഷായെ അഞ്ചു വർഷം തടവിനും പതിനായിരം രൂപ പിഴയടയ്‌ക്കാനും മൂവാറ്റുപുഴ അഡി. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.എൻ. ഹരികുമാർ ശിക്ഷിച്ചു. 2016ൽ പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. മാഹിൻ ഷായുടെ വീട്ടിൽനിന്ന് 6400 ജലാറ്റിൻ സ്റ്റിക്കുകളാണ് പിടിച്ചെടുത്തത്.
പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടിൽ നിന്ന് 180 ഗ്രാം ഉണക്ക കഞ്ചാവും 87 കഞ്ചാവ് സിഗരറ്റുകളും കണ്ടെത്തിയിരുന്നു. എക്സൈസിന്റെ പരിശോധനയിലാണ് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. തുടർന്ന് പെരുമ്പാവൂർ പൊലീസിനെ അറിയിക്കുകയായിരുന്നു.
കേസിലെ രണ്ടാം പ്രതിയായ മുണ്ടേത്ത് ജബ്ബാറിനെ കോടതി വെറുതേ വിട്ടു. പെരുമ്പാവൂർ എസ്.ഐ പി.എ. ഫൈസലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |