ആലപ്പുഴ: ചേർത്തലയിൽ യുകെജി വിദ്യാർത്ഥിയായ അഞ്ചുവയസുകാരനെ മർദ്ദിച്ചെന്ന പരാതിയിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസെടുത്തു. അമ്മ സ്‌കെയിലുകൊണ്ട് അടിച്ചതാണെന്നും അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെടുകയായിരുന്നു. മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ ചായക്കടയിലാണ് കുട്ടിയെ കണ്ടെത്തിയത്. ചായക്കടയിൽ കുട്ടിയെ ഇരുത്തിയ ശേഷമാണ് അമ്മ ലോട്ടറിവിൽപ്പനയ്ക്ക് പോകുന്നത്.
പിടിഎ പ്രസിഡന്റ് അഡ്വ ദിനൂപിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്നാണ് കേസ് നൽകിയതെന്നാണ് റിപ്പോർട്ട്. കുട്ടിയെ രാത്രിതന്നെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ഇക്കഴിഞ്ഞ മേയ് 24ന് അമ്മയുടെ ആൺ സുഹൃത്ത് കുട്ടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലായിരുന്നു. പിന്നീട് ഇയാൾ മരിച്ചിരുന്നു. കുട്ടിക്ക് പരിക്കേറ്റ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |