കൊച്ചി: എറണാകുളം സൗത്തിൽ നടത്തിവരികയായിരുന്ന അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ ഉത്തരേന്ത്യക്കാരായ ആറ് പെൺകുട്ടികൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കിയതിനുശേഷം ലഹരി നൽകിയാണ് ഇവരെ അനാശാസ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്. നഗരത്തിലെ ചില വിദ്യാർത്ഥിനികളും ഐടി പ്രൊഫഷണലുകളും റാക്കറ്റിൽ കുടുങ്ങിയതായി വിവരമുണ്ട്. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശി അക്‌ബർ അലി അറസ്റ്റിലായിട്ടുണ്ട്. അനാശാസ്യ കേന്ദ്രത്തിലൂടെ പ്രതി സമ്പാദിച്ചത് ലക്ഷങ്ങളാണെന്നും പൊലീസ് പറയുന്നു. റാക്കറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉൾപ്പെട്ടതായി വിവരമുണ്ട്. കൂടുതൽ അന്വേഷണത്തിനുശേഷം പോക്‌സോ കേസടക്കം ചുമത്തിയേക്കും. രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിൽ ഇടപാടുകാരനടക്കം നാലുപേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
എളമക്കര, കടവന്ത്ര പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് റാക്കറ്റ് കുടുങ്ങിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കടകളുടെ മറവിലായിരുന്നു റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇടപ്പള്ളിയിൽ ഈവിധം അനാശാസ്യകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് എളമക്കര പൊലീസിന് ലഭിച്ച വിവരമാണ് നിർണായകമായത്. പരിശോധനയിൽ ഇടപ്പള്ളിയിൽ നിന്ന് അക്‌ബർ അലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ ഇവിടെ സ്ത്രീകൾ ആരും തന്നെ ഉണ്ടായിരുന്നില്ല. വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപം മറ്റൊരു 'ബ്രാഞ്ച്" ഉണ്ടെന്ന് ഇയാൾ വെളിപ്പെടുത്തിയത്. വൈകിട്ട് ഇവിടെ നടത്തിയ പരിശോധനയിലാണ് സ്ത്രീകളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും കേസ് എടുക്കുക. മലയാളിയായ സ്ത്രീകളും റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓൺലൈൻ സൈറ്റുകളിൽ നമ്പർ നൽകിയായിരുന്നു പ്രവർത്തനം.
അനധികൃത മസാജ് കേന്ദ്രങ്ങളുടെ മറവിലും അനാശാസ്യ കേന്ദ്രങ്ങൾ നഗരത്തിൽ വ്യാപകമാണ്. കൊച്ചിയിൽ മാത്രം 100ലധികം കേന്ദ്രങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ആകർഷകമായ പേരുകളും പരസ്യബോർഡുകളും വച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നും മറ്റും യുവതികളെ എത്തിച്ചാണ് പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |