കൊച്ചി: യുവാക്കൾക്ക് യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ഇൻസ്റ്റഗ്രാം താരം പണം തട്ടിയ കേസിൽ ഒരാൾ കൂടി പ്രതിയാകും. ടേക്ക് ഓഫ് ഓവർസീസ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ ഉടമ കാർത്തിക പ്രദീപിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇപ്പോഴിതാ തട്ടിപ്പിൽ ഒരു പ്രവാസി മലയാളിക്ക് കൂടി പങ്കുണ്ടെന്ന കണ്ടെത്തലിലാണ് പൊലീസ്. കാർത്തിക ആഡംബര ജീവിതത്തിനായാണ് പണം തട്ടിയെടുത്തതെന്ന് മുമ്പ് പൊലീസ് സ്ഥിരീകരിച്ചിരുന്നു.ടേക്ക് ഓഫ് ഓവർസീസ് കൺസൾട്ടൻസിയുടെ മറവിലായിരുന്നു യുവതി തട്ടിപ്പ് നടത്തിയത്. ഈ സ്ഥാപനത്തിന്റെ പങ്കാളിയായിരുന്ന യുവാവിനെയാണ് പൊലീസ് തേടുന്നത്.
ഇതിനിടയിൽ യുവതി എംബിബിഎസ് പഠനം പൂർത്തിയാക്കിയില്ലെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. എഡ്യൂക്കേഷൻ കൺസൾട്ടൻസി ഉടമ ഡോ. കാർത്തിക മലയാളിയായ സഹപാഠിയിൽ നിന്ന് പണം തട്ടിയെന്ന കേസിനെ തുടർന്ന് യുക്രെയ്‌നിലെ പഠനം പൂർത്തിയാക്കാതെ മടങ്ങിയതായാണ് പൊലീസിന് വിവരം ലഭിച്ചത്. യുക്രെയിനിൽ ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് ഇവർ പണം തട്ടിയിരുന്നത്.
നൂറിലേറെ പേരെ വഞ്ചിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതിന് സംസ്ഥാനത്തെ പത്ത് ജില്ലകളിൽ കാർത്തികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂന്ന് മുതൽ എട്ടുലക്ഷം രൂപ വരെയാണ് കാർത്തിക ഉദ്യോഗാർത്ഥികളിൽ നിന്ന് കൈക്കലാക്കിയത്. സോഷ്യൽ വർക്കറായി ജോലിനൽകാമെന്ന് പറഞ്ഞാണ് പല തവണയായി തൃശൂർ സ്വദേശിനിയുടെ പക്കൽ നിന്ന് 5.23 ലക്ഷം രൂപ കൈപ്പറ്റിയത്. 2024 ആഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിൽ ഗൂഗിൾപേ വഴിയാണ് പണം നൽകിയത്. പത്തനംതിട്ട സ്വദേശിനിയായ ഇവർ തൃശൂരിലാണ് നിലവിൽ താമസിക്കുന്നത്.
കേസായതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. ടേക്ക് ഒഫ് ഓവർസീസ് എഡ്യൂക്കേഷൻ കൺസൾട്ടൻസിക്ക് ലൈസൻസില്ലെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ടെന്നും പണവും രേഖകളും വാങ്ങിയശേഷം ജോലി നൽകാതിരിക്കുകയാണ് പ്രതി ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |