
തിരുവനന്തപുരം: ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി പ്രിയരഞ്ജന് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഒരു മാസം മുമ്പ് പ്രിയരഞ്ജൻ അടങ്ങുന്ന സംഘത്തെ ലഹരി മരുന്നായ എംഡിഎംഎയുമായി പിടികൂടിയെന്ന വിവരം പൊലീസിന് ലഭിച്ചു. ഉന്നത ഇടപെടലിനെ തുടർന്നാണ് പ്രിയരഞ്ജൻ കേസിൽ നിന്ന് തടിയൂരിയത് എന്ന സൂചനയുമുണ്ട്.
പ്രതിക്കായി പൊലീസ് നാലു ടീമായി തിരിഞ്ഞ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രിയരഞ്ജനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പ്രതി കേരളം വിട്ടിരിക്കാൻ സാദ്ധ്യതയില്ലെന്നും ഉടൻ പിടിയിലാകുമെന്നും കാട്ടാക്കട ഡിവൈ.എസ്.പി ഷിബു. വി പറഞ്ഞു.
കാർ കയറ്റി കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുളിങ്കോട് ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ നിന്നാണ് പുറത്തെത്തിയത്. 'മാമാ.. ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ ' എന്ന ആദിശേഖറിന്റെ നിഷ്കളങ്ക ചോദ്യത്തിൽ നിന്നുണ്ടായ പ്രിയരഞ്ജന്റെ പകയാണ് പൈശാചികമായ കൊലപാതകത്തിലെത്തിയത്. ഇക്കഴിഞ്ഞ 30 ന് വൈകിട്ട് 4.56 നാണ് പ്രതി പ്രിയരഞ്ജൻ കാറിലെത്തിയത്. കുട്ടിയെ കാർ കയറ്റി കൊന്നശേഷം അതിവേഗത്തിൽ പാഞ്ഞുപോകുമ്പോൾ സമയം 5.23.
ആദിശേഖർ കൂട്ടുകാർക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടിൽ കളി കഴിഞ്ഞ് ബാൾ ഷെഡിൽ സൂക്ഷിച്ച ശേഷം മടങ്ങുമ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്. കൂടെയുണ്ടായിരുന്ന കുട്ടിയിൽ നിന്ന് ആദിശേഖറിന്റെ സ്വന്തം സൈക്കിൾ വാങ്ങി കയറാൻ തുടങ്ങുമ്പോഴാണ് പിന്നാലെ വേഗത കുറച്ചുവന്ന ഇലക്ട്രിക് കാർ (കെ.എൽ 19 എൻ 6957) വേഗതകൂട്ടി കുട്ടിയെ ഇടിച്ചുകൊന്നശേഷം കടന്നുപോയത്.
പ്രതി പ്രിയരഞ്ജൻ സ്ഥിരം മദ്യപാനിയാണെന്നും സംഭവ സമയത്തും പ്രതി മദ്യപിച്ചിരുന്നതായും മുൻകൂട്ടി പദ്ധതിയിട്ട കൊലയാണെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ആദിശേഖറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ സംശയം ഉന്നയിച്ചതോടെയാണ് അപകട മരണമായി ആദ്യം രജിസ്റ്റർ ചെയ്ത കേസ് നരഹത്യയായി പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |