
മലപ്പുറം: വണ്ടൂരിൽ 14കാരിയെ കൊലപ്പെടുത്തിയത് പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന 16കാരന്റെ സംശയം മൂലമെന്ന് പൊലീസ്. ഇരുവർക്കുമിടയിൽ പ്രണയ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. കൊലപ്പെടുത്തും മുമ്പ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിൽ
16കാരനു മാത്രമേ പങ്കുള്ളുവെന്നാണ് കണ്ടെത്തൽ. മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകിട്ട് വരെ 16കാരനൊപ്പമായിരുന്നു. വൈകിട്ട് മൂന്നിന് ശേഷമാണ് കൊലപാതകം നടന്ന നിലമ്പൂർ - ഷൊർണൂർ റെയിൽപാതയിലെ തൊടികപ്പുലം, വാണിയമ്പലം സ്റ്റേഷനുകൾക്കിടയിലെ പുള്ളിപ്പാടത്തെ റെയിൽവേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തുന്നത്. പെൺകുട്ടിയെ വശീകരിച്ചാണ് ഇവിടെ എത്തിച്ചത്. മറ്റൊരാളോട് അടുപ്പമുണ്ടെന്ന സംശയത്തിൽ ഇവിടെ വച്ചുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. ബസുകൾ മാറി കയറിയാണ് ഇരുവരും കരുവാരക്കുണ്ടിൽ നിന്ന് വണ്ടൂരിലെത്തിയത്. സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരുടെ ബന്ധം വീട്ടുകാർക്ക് അറിയാമായിരുന്നു. കൊല്ലപ്പെടും മുമ്പ് 16കാരന്റെ ഫോണിൽ നിന്നാണ് വൈകാതെ വീട്ടിലെത്തുമെന്ന് പറഞ്ഞ് പെൺകുട്ടി അമ്മയെ വിളിച്ചത്. പെൺകുട്ടിക്ക് മൊബൈൽ ഫോണില്ല. 16കാരൻ ശല്യം ചെയ്യുന്നതായിപെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ പൊലീസിൽ പരാതി നൽകിയതായി പറയുന്നുണ്ട്. ഇക്കാരണങ്ങളും അന്വേഷിക്കുമെന്ന് എസ്.പി പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ 16കാരനെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ഏഴ് വർഷത്തിന് മുകളിൽ തടവ് ലഭിക്കാൻ സാദ്ധ്യതയുള്ള കുറ്റങ്ങളിലേ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികൾക്കെതിരെ എഫ്.ഐ.ആർ ഇടാൻ സാധിക്കൂ. ഈ കേസിൽ എഫ്.ഐ.ആർ ഇട്ടിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |