
ഇരിങ്ങാലക്കുട : യുവാവിനെയും സുഹൃത്തിനെയും സ്‌ഫോടക വസ്തു എറിഞ്ഞ് വീട്ടിൽക്കയറി വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിലായിരുന്നയാൾ ബംഗളൂരു എയർപോർട്ടിൽ നിന്ന് പിടിയിൽ. പൊറത്തിശ്ശേരി കരുവന്നൂർ സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദ് നുജു (32) എന്നയാളെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2016 മേയ് 26ന് പ്രതികളും യുവാവിന്റെ അച്ചനും തമ്മിലുണ്ടായ മുൻവൈരാഗ്യത്താൽ നെല്ലായി ആലത്തൂർ സ്വദേശികളായ അരീക്കാട്ടിൽ വീട്ടിൽ സജിത്ത് (38), ആലത്തൂർ മരാശ്ശേരി വീട്ടിൽ ജിജുവാസ് (40) എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചത് പ്രകാരം ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. മുഹമ്മദ് നുജു കൊടകര പൊലീസ് സ്റ്റേഷനിൽ ഈ കേസ് കൂടാതെ ഒരു അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലെയും പ്രതിയാണ്. കൊടകര പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.കെ.ദാസ്, എസ്.ഐ ടി.അറാഫത്ത്, ജി.എസ്.ഐ ബിനോയ് മാത്യു , ജി.എ.എസ്.ഐ ബിനു പൗലോസ്, ജി.എസ് സി.പി.ഒ സജീഷ് കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |