തിരുവനന്തപുരം: റിസര്‍വ് ബാങ്കിലെ ജീവനക്കാരിയെന്ന് പരിചയപ്പെടുത്തി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതി തിരുവനന്തപുരത്ത് പിടിയില്‍. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശി ഷിബില (28) ആണ് പൊലീസിന്റെ പിടിയിലായത്. ബാലരാമപുരത്ത് നിന്ന് ഇവരെ പിടികൂടുകയായിരുന്നുവെന്ന് നിലമ്പൂര്‍ എസ്എച്ച്ഒ സുനില്‍ കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു.
നിലമ്പൂര്‍ പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ബിസിനസ് ലോണായി വന്‍ തുക ലഭ്യമാക്കാം എന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. റിസര്‍വ് ബാങ്കിലെ ജീവനക്കാരിയാണെന്ന് പ്രതി ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നു.
നിലമ്പൂരില്‍ വ്യവസായിയോട് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിനായി 30 ലക്ഷം രൂപയും പ്രതി കൈപ്പറ്റി. വീണ്ടും പണം ആശ്യപ്പെട്ടപ്പോളാണ് വ്യവസായി തിരുവനന്തപുരം റിസര്‍വ് ബാങ്കിലെത്തി ജീവനക്കാരിയുടെ വിവരങ്ങള്‍ അന്വേഷിച്ചത്. ഇതോടെ ഷിബിലയുടെ തട്ടിപ്പ് വ്യവസായി തിരിച്ചറിയുകയായിരുന്നു.
വ്യവസായിയുടെ പരാതിയില്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതി പിടിയിലായതോടെ നാല് ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരേ യുവതി തട്ടിയെടുത്തെന്ന പരാതിയുമായി നിരവധി ആളുകളാണ് പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |