കോവളം : കോവളത്ത് കാറിൽ എം.ഡി.എം.എ കടത്തിയ യുവതിയെയും യുവാവിനെയും സിറ്റി ഡാൻസാഫ് സംഘം പിടികൂടി. ശ്രീകാര്യം ചെമ്പഴന്തി ജനതാറോഡിൽ അങ്കണവാടി ലൈനിൽ സാബു (36), കരിയം കല്ലുവിള റോഡ് സൗമ്യ ഭവനിൽ രമ്യ (36) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ കോവളം ജംഗ്ഷനിൽ നടന്ന പ്രത്യേക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് തമിഴ്നാട് വഴിയാണ് സംഘം ലഹരി കടത്തിയത്. ഇവരിൽ നിന്ന് 10 ലക്ഷം രൂപയോളം വിലമതിക്കുന്ന 193 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘം ഇതിന് മുമ്പും പലതവണ ലഹരിവസ്തുക്കൾ കടത്തിയിട്ടുള്ളതായും ആദ്യമായാണ് പൊലീസിന്റെ വലയിൽ വീണതെന്നും പൊലീസ് പറഞ്ഞു. പിടികൂടിയ പ്രതികളെ കോവളം പൊലീസിന് കൈമാറി. സംഘത്തിൽ കൂട്ടുപ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |