കാസർകോട്: കുമ്പളയിൽ യുവ അഭിഭാഷക ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തും അഭിഭാഷകനുമായ യുവാവിനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം രാത്രിയോടെ പൊലീസ് പിടിയിലാകുകയായിരുന്നു. ഇയാളെ കുമ്പള പൊലീസ് സ്റ്റേഷനിലെത്തിക്കും. അഭിഭാഷകനെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റുനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
കുമ്പള ബത്തേരി സ്വദേശിയായ സി രഞ്ജിതയെ (30) കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓഫീസ് മുറിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തത്. അഭിഭാഷകയുടെ മരണം നടന്നയുടനെ യുവാവ് കുമ്പളയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ടിരുന്നു.
രഞ്ജിതയുടെ മൃതദേഹം കാണാനോ അന്തിമോപചാരമർപ്പിക്കാനോ അഭിഭാഷകനെത്തിയില്ലെന്നും സഹപ്രവർത്തകർ പറയുന്നു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ പുറത്തുകൊണ്ടുവരുന്നതിനായി സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കുമ്പള ലോക്കൽ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റുമായിരുന്നു രഞ്ജിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |