കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയിൽ രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാരിയുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ. ചവറ കുളങ്ങര ഭാഗം പാലത്തറ തെക്കതിൽ ഇർഷാദ്(24) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവിന് കൂട്ടിരിപ്പിനായി എത്തിയ മൈനാഗപ്പള്ളി സ്വദേശിനിയായ സ്ത്രീയുടെ കൈയിൽ നിന്ന് മൊബൈൽ ഫോണും 3500 രൂപയും തട്ടിയെടുത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ചവറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇർഷാദിനെ ചവറ ബസ് സ്റ്റാൻഡിന് സമീപത്തു നിന്ന് പിടികൂടി. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ ഉണ്ടായിരുന്ന ബൈക്ക് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. കായംകുളം സ്വദേശിയുടെ ബൈക്കാണ് ഇതെന്നും പൊലീസ് തിരിച്ചറിഞ്ഞു. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ഇയാൾക്കെതിരെ മുമ്പും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. ചവറ പൊലീസ് ഇൻസ്പെക്ടർ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ രഞ്ജിത്ത് രാജൻ, സി.പി.ഒ മാരായ മനീഷ്, മനോജ്, സജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |