കഴക്കൂട്ടം: കഴക്കൂട്ടത്ത് ഹണിട്രാപ്പ് തട്ടിപ്പിലൂടെ യുവാവിന്റെ ആഡംബര കാറും സ്വർണവും പണവും മൊബൈൽഫോണും കവർന്നതായി പരാതി. കാട്ടാക്കട മാറനല്ലൂർ രാജ് ഭവനിൽ അനുരാജാണ് തട്ടിപ്പിന് ഇരയായത്. യുവതിയെ ഉപയോഗിച്ച് അനുരാജിനെ വിളിച്ചുവരുത്തി മർദ്ദിച്ച ശേഷം സംഘം ഔഡി കാറും സ്വർണവും പണവും മൊബൈൽഫോണുമായി കടന്നുകളയുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതി അനുരാജിനെ കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തി.
കഴക്കൂട്ടത്തെത്തിയപ്പോൾ അനുരാജിന്റെ കാറിൽ യുവതി കയറി. ഈ സമയം കാറിന്റെ ലൊക്കേഷൻ യുവതി തട്ടിപ്പ് സംഘത്തിന് കൈമാറി.തുടർന്ന് ബൈപ്പാസ് ജംഗ്ഷനിൽ വച്ച് അനുരാജിന്റെ കാർ ഇന്നവോ കാറിലെത്തിയ പ്രതികൾ തടയുകയും തുടർന്ന് കഴുത്തിൽ കത്തി വച്ച് അനുരാജിന്റെ മൂന്ന് പവന്റെ മാല പൊട്ടിച്ചെടുത്ത ശേഷം മർദ്ദിക്കുകയുമായിരുന്നു. മർദ്ദനം സഹിക്കവയ്യാതെ അനുരാജ് ഓടി രക്ഷപ്പെട്ടു.തുടർന്ന് കാറും കാറിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോൺ, 417000 രൂപ എന്നിവയുമായി സംഘം കടന്നുകളഞ്ഞെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |