ജയ്‌പൂർ: റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു താരം യാഷ് ദയാലിനെതിരെ പോക്സോ കേസെടുത്ത് ജയ്‌പൂർ പൊലീസ്. ഐപിഎൽ മത്സരത്തിനിടെ ജയ്‌പൂരിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംഗനീർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. നേരത്ത ഗാസിയാബാദിൽ നിന്നുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലും യാഷ് ദയാലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
രണ്ട് വർഷത്തിനിടെ തുടർച്ചയായി ബലാത്സംഗം ചെയ്‌തുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ജയ്‌പൂരിൽ നടന്ന ഒരു ഐപിഎൽ മത്സരത്തിനിടെയാണ് ഇരയും യാഷ് ദയാലും പരിചയപ്പെടുന്നത്. അന്ന് പെൺകുട്ടിക്ക് 17 വയസായിരുന്നു. പ്രൊഫഷണൽ ക്രിക്കറ്ററാകാനുള്ള ഉപദേശം നൽകാനെന്ന വ്യാജേന ദയാൽ സീതാപുരയിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
പിന്നീട്, പലതവണ ഭീഷണിപ്പെടുത്തി ഇയാൾ പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. ഗാസിയാബാദിലെ പീഡനക്കേസിൽ യാഷ് ദയാലിനെ കസ്റ്റഡിയിലെടുക്കുന്നത് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. എന്നാൽ, പുതിയ കേസിൽ ദയാലിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. ഗാസിയാബാദിലെ യുവതി നൽകിയ പരാതിയിൽ അഞ്ച് വർഷത്തോളമായി ദയാലുമായി അടുപ്പമുണ്ടെന്നും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് പറഞ്ഞിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |