ചെന്നൈ: ഭർതൃപിതാവ് ലൈംഗികമായി ഉപദ്രവിച്ചതിൽ മനംനൊന്ത് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു.തമിഴ്നാട് രാമനാഥപുരം സ്വദേശി രഞ്ജിതയാണ് (32) മരിച്ചത്. വിവാഹം കഴിഞ്ഞ നാൾ മുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഭര്‍ത്താവിന്റെ കുടുംബം ഉപദ്രവിച്ചെന്നും യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം പകർത്തിയ വീഡിയോയില്‍ പറയുന്നു. 70ശതമാനത്തിലേറെ പൊളളലേറ്റ രഞ്ജിത മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഭർത്താവിന്റെ കുടുംബത്തിനെതിരെയും ഭർതൃപിതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് യുവതി വീഡിയോയിൽ ഉന്നയിച്ചിരിക്കുന്നത്. ‘എന്റെ ഭർത്താവിന്റെ അച്ഛൻ കെട്ടിപ്പിടിച്ചു, ഉപദ്രവിക്കാന്‍ നോക്കി, എനിക്കിത് സഹിക്കാനാവില്ല,സ്വയം ശരീരത്തിന് തീകൊളുത്തി’- യുവതി വീഡിയോയിൽ പറയുന്നു. അതേസമയം ഏഴാം ക്ലാസ് വിദ്യാർത്ഥിയായ യുവതിയുടെ ഇളയ മകൻ, മുത്തശ്ശന്‍ ഉപദ്രവിച്ചതിനെക്കുറിച്ച് അമ്മ തന്നോട് പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കി മറ്റൊരു വിഡിയോയും പുറത്തുവിട്ടു.
യുവതിയുടെ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ‘ഇത് 13 വർഷത്തെ പീഡനമായിരുന്നു. സ്ത്രീധനമായി സ്ഥലവും കൂടുതൽ സ്വർണ്ണവും ഭര്‍ത്താവിന്റെ കുടുംബം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവളുടെ ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചു. ഭർത്താവ് മദ്യപിച്ച് നിരന്തരം മർദ്ദിക്കുകയും എല്ലാം നിശബ്ദമായി സഹിക്കാൻ രഞ്ജിതയോട് ആവശ്യപ്പെടുകയും ചെയ്തു. സ്വന്തം വീട്ടിലേക്കു വന്നാല്‍ പിന്നെ അങ്ങോട്ട് തിരിച്ചുപോവേണ്ടെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ രഞ്ജിതയെ ഭീഷണിപ്പെടുത്തിയിരുന്നു'- യുവതിയുടെ സഹോദരി അളകസുന്ദരി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |