കല്ലമ്പലം: ഈന്തപ്പഴപ്പെട്ടിയിൽ ഒളിപ്പിച്ച് മൂന്ന്‍ കോടിയോളം വിലവരുന്ന എം.ഡി.എം.എ കടത്തിയ കേസിലെ പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വിട്ടേക്കും.ഇന്നലെയാണ് ആറ്റിങ്ങൽ കോടതിയിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുതരാനുള്ള അപേക്ഷ പൊലീസ് നൽകിയത്.കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതോടെ പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കല്ലമ്പലം പൊലീസ്.തുടരന്വേഷണ ചുമതല കല്ലമ്പലം എസ്.എച്ച്.ഒ ബൈജുവിനാണ്.
മുഖ്യപ്രതിയായ സഞ്ജുവിന് ബിനാമി പേരുകളിൽ വർക്കലയിൽ റിസോർട്ടുകളും,തുണിക്കടകളും,നിർമ്മാണത്തിലുള്ള ആഡംബരവീടും ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. തന്റെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ച ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ സഞ്ജു അതീവ ശ്രദ്ധ പുലർത്തിയിരുന്നു. ലഹരിമരുന്ന് പിടിച്ചാലും അന്വേഷണം തന്നിലേക്ക് എത്താതിരിക്കാൻ കാട്ടാക്കട സ്വദേശിയുടെ പേരിലാണ് വിമാനത്താവളം വഴി പാഴ്‌സൽ കടത്തിയത്.
ഒമാനിൽ നിന്ന് ഇയാൾക്ക് ടിക്കറ്റെടുത്ത് നൽകിയത് സഞ്ജുവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ലഗേജിന് ഭാരം കൂടുതലായതിനാൽ ചില പാഴ്സലുകൾ കൊണ്ടുവരാൻ സഞ്ജു ആവശ്യപ്പെട്ടപ്രകാരമാണ് അങ്ങനെ ചെയ്തതെന്ന് കാട്ടാക്കട സ്വദേശി പൊലീസിന് മൊഴി നൽകി.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽപേരെ ചോദ്യം ചെയ്യുന്നുണ്ട്. ലഹരി ഇടപാടിലെ സിനിമാബന്ധങ്ങളെക്കുറിച്ചു.
ചോദിച്ചപ്പോൾ സഞ്ജു കൃത്യമായ മറുപടി നൽകിയിരുന്നില്ല. സഞ്ജുവിന്റെ മൊബൈലിൽ നിന്ന് സിനിമാ മേഖലയിൽ നിന്നുള്ള ഒട്ടേറെപ്പേരുമായുള്ള ഫോട്ടോകളും സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ നിലയ്ക്കും അന്വേഷണം നടത്തും.പലരുമായി വലിയ തുക പറഞ്ഞുറപ്പിച്ചാണ് മുന്തിയ ഇനം എം.ഡി.എം.എ കടത്തിയതെന്നും, ലക്ഷങ്ങൾ അഡ്വാൻസ് വാങ്ങിയതിന്റെ തെളിവുകൾ ഇയാളുടെ ഫോണിലുണ്ടെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |