പുതുക്കാട്: ഡ്രൈഡേയായ ഗാന്ധിജയന്തി ദിനത്തിൽ പാലിയേക്കരയിലെ ചിക്കൻ സെന്ററിന്റെ മറവിൽ അനധികൃത മദ്യ വിൽപ്പന നടത്തുന്നതിനിടെ എക്‌സൈസ് സംഘത്തെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെട്ട സ്‌റ്റേഷൻ റൗഡി അറസ്റ്റിൽ. ചീരാപ്പി എന്നറിയപ്പെടുന്ന തലവണിക്കര ചീരപ്പറമ്പിൽ വീട്ടിൽ മനോജ് (47) നെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പാലിയേക്കര പഴയ ബൈപാസ് റോഡിലുള്ള ചിക്കൻ സെന്റർ എന്ന കോഴിക്കടയിൽ അനധികൃതമായി മദ്യം വിൽപ്പന നടത്തുന്നത് കണ്ടതോടെ തൃശൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ സുദർശനകുമാറും സംഘവും കടയിൽ പരിശോധന നടത്തുന്നതിനിടെ പ്രതി ആക്രമിക്കുകയായിരുന്നു.
പരിശോധനയ്ക്കിടെ മനോജ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വൽസനെ തള്ളി താഴെയിട്ടതോടൊപ്പം കടയിലെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന കുരുമുളക് സ്‌പ്രേ എടുത്ത് വൽസന്റെ രണ്ട് കണ്ണുകളിലും അടിച്ച് പരിക്കേൽപ്പിച്ചു. ഇതു തടയാൻ എത്തിയ ഇൻസ്‌പെക്ടർ സുദർശനകുമാറിനെയും മനോജ് കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച് രക്ഷപ്പെട്ടു.
മനോജ് പുതുക്കാട്, നെടുപുഴ, മണ്ണുത്തി, കൊടകര പൊലീസ് സ്‌റ്റേഷൻ പരിധികളിലായി ഒരു കൊലപാതകക്കേസിലും മൂന്ന് കവർച്ചക്കേസിലും ഒരു വധശ്രമക്കേസിലും അപകടരമായ ആയുധം കൈവശംവച്ച രണ്ട് കേസുകളിലും അനധികൃതമായി മദ്യവിൽപ്പന നടത്തിയ ഒരു കേസിലും രണ്ട് അടിപിടിക്കേസിലും കാപ്പ പ്രകാരം തടങ്കിലാക്കിയ ഒരു കേസിലുമടക്കം 11 ക്രിമിനൽകേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
പുതുക്കാട് പൊലീസ് ഇൻസ്‌പെക്ടർ ആദം ഖാൻ, സബ് ഇൻസ്‌പെക്ടർ പ്രദീപ്, എ.എസ്.ഐ: ആനന്ദകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സൈജു, സിവിൽ പൊലീസ് ഓഫീസർമാരായ ഫൈസൽ, കിഷോർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |