
തിരുവനന്തപുരം: കരുമം ഇടഗ്രാമത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. മണക്കാട് ശിങ്കാരത്തോപ്പ് എം.എസ്.കെ നഗറിൽ അജീഷ് കുമാർ (39),ഇടഗ്രാമം സ്വദേശി അജി എന്ന അജയൻ (38) എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റുചെയ്‌തത്. ഇരുവരും സുഹൃത്തുക്കളാണ്.
ഞായറാഴ്ച രാത്രി 10ഓടെയാണ് തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. കണ്ണാന്തുറ സ്വദേശി ഷിജോയാണ് (28) മരിച്ചത്. സുഹൃത്ത് ജോജോയ്ക്ക് പരിക്കേറ്റു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. രണ്ടാം പ്രതി അജയൻ ഭാര്യ പ്രീതയുമായി പിണങ്ങിക്കഴിയുകയാണ്. ഇതുസംബന്ധിച്ച കാര്യങ്ങൾ സംസാരിക്കുന്നതിനായി പ്രീതയുടെ സഹോദരൻ രാഹുലും സുഹൃത്തുക്കളായ ഷിജോ,ജോജോ,ടെൽജിൻ എന്നിവരും കരുമം ഇടഗ്രാമം ടാവുക്ക് ജംഗ്ഷനിൽ അജയൻ താമസിക്കുന്ന വാടകവീട്ടിലെത്തി.
ഈ സമയം അജയൻ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയായിരുന്നു. തുടർന്നുള്ള വഴക്കിനിടെയാണ് അജീഷ് കുമാർ ഷിജോയെയും ജോജോയെയും കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തിപ്പരിക്കേല്പിച്ചത്. ഷിജോയുടെ കഴുത്തിന് താഴെയാണ് കുത്തിയത്. ആഴത്തിൽ മുറിവേറ്റ ഷിജോ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ജോജോയുടെ നെഞ്ചിലാണ് കുത്തിയത്. ഇയാൾ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലാണ്.
സംഭവത്തിൽ കൂടുതൽ വ്യക്തതയ്ക്കായി അജീഷിനെയും അജയനെയും ചോദ്യം ചെയ്‌തുവരികയാണെന്ന് കരമന എസ്.എച്ച്.ഒ അനൂപ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ അനൂപ്,എസ്.ഐമാരായ ശ്രീജിത്ത്,അജിത്ത്,കൃഷ്ണകുമാർ,സതീഷ് കുമാർ,സി.പി.ഒമാരായ ഹിരൺ,അജികുമാർ, കൃഷ്ണകുമാർ,ശരത്ത്,ശ്യാംമോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |