SignIn
Kerala Kaumudi Online
Sunday, 14 December 2025 10.07 AM IST

ഇത് അമ്മയുടെ സ്നേഹത്തിന്റെ പേരിലുള്ള മകളുടെ ഇനിഷ്യേറ്റീവ്

Increase Font Size Decrease Font Size Print Page
ss

നല്ല ഓർമ്മകൾ ജീവിതത്തിന് ചാർത്തുന്ന സുഗന്ധവും മാധുര്യവും ചെറുതല്ല. നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകളാവുമ്പോൾ അത് അതിമധുരമാവും. നമുക്കായി എന്തെല്ലാമോ കരുതിവച്ച്, സ്നേഹവും വാത്സല്യവും സാന്ത്വനവുമൊക്കെ പകർന്നുനൽകി ജീവിതപാതയിൽ നമുക്കുമുമ്പേ നടന്നു നീങ്ങിയവർ. ഓർമ്മകളിലൂടെ നമുക്കിടയിൽ ഇപ്പോഴും ജീവിക്കുന്നവർ. അവരുടെ സ്മരണ എക്കാലവും നിലനിറുത്താനാണ് എൻഡോവ്മെന്റുകൾ ഏർപ്പെടുത്തുന്നത്. കാലാകാലം നിലനിൽക്കുന്നതും സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുകയും ചെയ്യുന്നതാണെങ്കിൽ അത് സമൂഹത്തിന് അനശ്വരമായ മഹത് സേവനവുമാകും.

ഒരു വ്യക്തിയുടെ പേര് തലമുറകളായി ഓർമ്മിക്കപ്പെടുകയെന്നത് എത്രപേർക്ക് സാദ്ധ്യമാകും? നാലോ അഞ്ചോ തലമുറകൾക്കപ്പുറം നമ്മെ ആരും ഓർക്കില്ല എന്ന പൊതുബോധത്തെ തിരുത്തിക്കുറിച്ചുകൊണ്ട്, സ്നേഹിച്ചവരെയും പ്രിയപ്പെട്ടവരെയും റസിഡന്റ്സ് അസോസിയേഷൻ മുഖേനെ ഒരു സർക്കാർ ഉത്തരവിലൂടെ ഓർമ്മകളിൽ നിലനിറുത്താനുള്ള ഒരു നൂതനമായ മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ് അഡ്വ.ഗിരിജാ പ്രദീപ്. സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ ജോയിന്റ് സെക്രട്ടറിയും ലാ ഓഫീസറും ഉൾപ്പെടെയുള്ള ഉന്നത പദവിവഹിച്ചിരുന്ന ഗിരിജാ പ്രദീപ്, സ്വന്തം അമ്മയുടെ ഓർമ്മ നിലനിറുത്താനായി കണ്ടെത്തിയ വഴി ഇന്ന് നിരവധിപേർക്ക് ഒരു സാമൂഹിക മാതൃകയായി മാറിക്കഴിഞ്ഞു.

കേരളത്തിൽ ആദ്യമായി ഒരു റെസിഡൻസ് അസോസിയേഷൻ (നേമം പ്രാവച്ചമ്പലം സൗഹൃദഗ്രാമം-SGRA116) മുഖേന എൻഡോവ്‌മെന്റ് ഏർപ്പെടുത്തിക്കൊണ്ടാണ് ഗിരിജാ പ്രദീപ് ഉദ്യമത്തിന് തുടക്കം കുറിച്ചത്. 1890-ലെ ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന പദ്ധതിയിൽ, മരിച്ചവരുടെ പേരിൽ ഇഷ്ടമുള്ള തുക സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ പേരിൽ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്യുകയാണ് പ്രാരംഭ നടപടി. എൻഡോവ്‌മെന്റിന്റെ ചുമതല ഓഡിറ്റ് വകുപ്പ് ഡയറക്ടർക്കാണ്. ഈ തുകയുടെ വാർഷിക പലിശ ഉപയോഗിച്ച് കാലാകാലം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും. 'സർക്കാർ ഉത്തരവോടെ നിലനിൽക്കുന്നതിനാൽ, എൻഡോവ്‌മെന്റ് ഏർപ്പെടുത്തിയ വ്യക്തി മരിച്ചാലും പലിശ മുടങ്ങാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം എന്നതിലാണ് ഈ ആശയത്തിന്റെ പ്രത്യേകത. ചിലരൊക്കെ ഏതൊക്കെ തരത്തിൽ തുക അനാവശ്യമായി ചെലവിടുന്നു. ഇതാകുമ്പോൾ തുക സർക്കാർ വഴി അനശ്വരമായി നിലനിൽക്കും. നിങ്ങളുടെ കുടുംബം സർക്കാർ അംഗീകരിക്കപ്പെടുന്ന ഒരു ചാരിറ്റി കുടുംബമായി നാടിന് മാതൃകയാകും," ഗിരിജ പറയുന്നു.

നെയ്യാറ്റിൻകര കോടതിയിൽ ഇപ്പോൾ അഭിഭാഷകയായി ജോലി ചെയ്യുകയാണ് ഗിരിജാ പ്രദീപ്. വിവാഹിതയായ ശേഷം അപ്രതീക്ഷിതമായി പിടിപെട്ട ക്യാൻസറിന്റെ തീവ്രപിടിത്തത്തിൽ നിന്ന് ദൈവത്തിന്റെ കൈയ്യൊപ്പോടെ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ജനോപകാരപ്രദമായ എന്തെങ്കിലും സേവനം ചെയ്യണമെന്ന് അതിയായ ആശയുണ്ടായി. അതാണ് അമ്മ പത്മാവതിയുടെ പേരിൽ എന്നും നിലനിൽക്കുന്ന ഒരു എൻഡോവ്മെന്റ് എന്ന ആശയത്തിലേക്ക് എത്തിയത്.


എൻഡോവ്മെന്റ് നടപടിക്രമങ്ങൾ

1890-ലെ ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് പ്രകാരം കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടർക്കാണ് ഇതിലേക്ക് അപേക്ഷ നൽകേണ്ടത്. ഡയറക്ടറുടെ പേരിൽ എടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ്, തുക ആർക്ക്, എന്താവശ്യത്തിന്, ആര് മുഖേനയാണ് നൽകുന്നത്, അഡ്മിനിസ്‌ട്രേറ്ററുടെ സമ്മതപത്രം എന്നിവ അപേക്ഷയോടൊപ്പം നൽകണം. സംസ്ഥാന ഓഡിറ്റ് വകുപ്പ് ഇത് അംഗീകരിച്ചാൽ ഫയൽ സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പിലേക്ക് അയക്കും. ധനകാര്യ വകുപ്പിൽ നിന്ന് സർക്കാർ ഉത്തരവ് ഗസറ്റിൽ വിജ്ഞാപനം ചെയ്ത ശേഷം ഫയൽ തിരിച്ച് ഓഡിറ്റ് വകുപ്പിൽ അയച്ചു കഴിഞ്ഞാൽ നിക്ഷേപിച്ച തുക സ്ഥിര നിക്ഷേപം ആവുകയും തുടർന്ന് എല്ലാ വർഷവും അതിന്റെ പലിശ എൻഡോവ്‌മെന്റായി നൽകാൻ സർക്കാരിന് കഴിയും.

റസിഡൻസ് അസോസിയേഷൻ മുഖേന എൻഡോവ്‌മെന്റ് ഏർപ്പെടുത്തിയാൽ പാവപ്പെട്ടവർക്ക് ധനസഹായം, ചികിത്സാസഹായം തുടങ്ങി നിരവധി നന്മയുണ്ടാകുന്ന കാര്യങ്ങൾ ഇതിലൂടെ ചെയ്യാൻ സാധിക്കും.


ചെറുപ്പത്തിലേ തുടങ്ങിയ കഠിന പ്രയത്നം

ഒരു കർഷക കുടുംബത്തിലെ ഏഴു മക്കളിൽ ഇളയവളായി സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലാണ് വളർന്നത്. അച്ഛൻ നെയ്ത്ത് തൊഴിലിളിയായിരുന്നു. അതിയന്നൂർ ഗവ. യുപിഎസ്, നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എത്രയും വേഗമൊരു ജോലി നേടുന്നതിനായി ധനുവച്ചപുരം ഗവ. ഐ.ഐ.ടിയിൽ ഇലക്ട്രോണിക്സിൽ ചേർന്ന് ഏറ്റവും ഉയർന്ന മാർക്കോടെ പാസായി. തുടർന്ന് എയർപോർട്ടിൽ ജോലി ചെയ്തിരുന്ന മൂത്ത സഹോദരന്റെ നിർദ്ദേശപ്രകാരം ബി.എസ്.സി മാത്തമാറ്റിക്സ് പൂർത്തിയാക്കി. എങ്കിലും എയർപോർട്ടിലെ ജോലി എന്ന സ്വപ്നം പൂവണിഞ്ഞില്ല. പിന്നീട് തിരുവനന്തപുരം ഗവ. ലാ കോളേജിൽ എൽ.എൽ.ബിക്ക് ചേർന്നു. ഒന്നാം വർഷം പരീക്ഷ എഴുതാതിരുന്നിട്ടും, അവസാന വർഷങ്ങളിൽ കഠിനമായി പ്രയത്നിച്ച് 1991ൽ കോളേജിലെ രണ്ടാം സ്ഥാനവും ഫസ്റ്റ് ക്ലാസും നേടിയ ഏക പെൺകുട്ടി എന്ന ബഹുമതിയും കരസ്ഥമാക്കി. തുടർന്ന് 1994ൽ എൽ.എൽ.എം രണ്ടാം റാങ്കോടെ പാസായി.


നിയമ വകുപ്പിലെ ഉന്നത പദവികൾ

കുടുംബ കോടതിയിൽ പ്രാക്ടീസ് ചെയ്തു വരവേ 2004ൽ ഗവൺമെന്റ് സെക്രട്ടേറിയറ്റ് നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ജോലി ലഭിച്ചു. തുടർന്ന് നിയമ വകുപ്പിൽ സെക്ഷൻ ഓഫീസർ, അണ്ടർ സെക്രട്ടറി , ഡെപ്യൂട്ടി സെക്രട്ടറി,ജോയിന്റ് സെക്രട്ടറി എന്നീ തസ്തികകളിൽ പ്രമോഷൻ ലഭിച്ചു.
സെക്ഷൻ ഓഫീസറായിരുന്ന അഞ്ചര വർഷത്തിൽ അഞ്ചുവർഷവും ഡെപ്യൂട്ടേഷനിൽ സെക്രട്ടേറിയറ്റിന് പുറത്ത് കെ.എസ്.ആർ.ടി.സിയിലും ഹൗസിംഗ് ബോർഡിലും ഔദ്യോഗിക ഭാഷ നിയമനിർമ്മാണ കമ്മിഷനിലുമാണ് സേവനമനുഷ്ഠിച്ചിരുന്നത്. അണ്ടർസെക്രട്ടറിയായിരുന്നപ്പോൾ ഡെപ്യൂട്ടേഷനിൽ ഔദ്യോഗിക ഭാഷ നിയമനിർമ്മാണ കമ്മിഷനിലും ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നപ്പോൾ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലും കൃഷി വകുപ്പിലും ലാ ഓഫീസറായി സേവനമനുഷ്ഠിച്ചു. ജോയിന്റ് സെക്രട്ടറിയായിരുന്ന മൂന്നു വർഷക്കാലം വനിതാ കമ്മിഷനിൽ ലാ ഓഫീസറായിരുന്നു.
സെക്രട്ടറിയേറ്റ് നിയമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയും വനിതാ കമ്മിഷൻ ലാ ഓഫീസറും ആയിരിക്കെ 2022 ഏപ്രിൽ മാസത്തിൽ സർവീസിൽ നിന്ന് വിരമിച്ചു


എന്നും അമ്മയോടൊപ്പം
സി.ആർ.പിഎഫിൽ ഇൻസ്‌പെക്ടറായിരിക്കെ വി.ആർ.എസ് എടുത്ത് സർവീസിൽ നിന്ന് പിരിഞ്ഞ ഡി.കെ.പ്രദീപ്കുമാർ ആണ് ഭർത്താവ്. മകൾ പവിത്ര ജി.പ്രദീപ് നെയ്യാറ്റിൻകര സെന്റ് തെരേസാസ് കോൺവെന്റിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

അമ്മ പത്മാവതി 90-ാം വയസിലാണ് മരണപ്പെട്ടത്. ജനിച്ച നാൾ മുതൽ മാതാവിന്റെ മരണം വരെയും പിരിഞ്ഞിരുന്നിട്ടില്ല. പിതാവിന്റെ മരണശേഷം മാതാവിനെ പിരിഞ്ഞു പോകാനുള്ള വിഷമം കൊണ്ടാണ് വിവാഹാലോചനകൾ പലതും വേണ്ടെന്ന് തീരുമാനിച്ചത്. സി.ആർ.പി.എഫിൽ നോർത്ത് ഇന്ത്യയിൽ സേവനമനുഷ്ഠിച്ചിരുന്ന ഭർത്താവ് പ്രദീപ്കുമാറുമായുള്ള വിവാഹം 32-ാമത്തെ വയസിലായിരുന്നു. വിവാഹശേഷവും അമ്മയോടൊപ്പം താമസിക്കാൻ അദ്ദേഹം സമ്മതിച്ചു. ഭർത്താവിന്റെ മാതാപിതാക്കളുടെ കാര്യവും അന്വേഷിക്കണമെന്ന് മാത്രമേ അദ്ദേഹം പറഞ്ഞിരുന്നുള്ളൂ. കൂടുതലും നോർത്തിന്ത്യയിൽ ജോലി ചെയ്തിരുന്ന ഭർത്താവിന്റെ അഭാവത്തിൽ, ഭർത്താവിന്റെ ആഗ്രഹങ്ങൾക്ക് ഒന്നിനും തടസ്സം നിൽക്കുമായിരുന്നില്ല. ഭർത്താവിന്റെ കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും ആവുന്നത്ര സഹകരിച്ച് കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കാതെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

നിസാര കാര്യങ്ങൾക്ക് വേണ്ടി വിവാഹബന്ധം വേർപെടുത്തി കിട്ടണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കുടുംബ കോടതിയെ സമീപിക്കുന്ന, കുടുംബ ജീവിതത്തിന്റെ പരിപാവനതയും കുഞ്ഞുങ്ങളുടെ ഭാവിയും എന്താകും എന്നുപോലും ആലോചിക്കാതെ, സ്വന്തം ജീവിതവും സ്വന്തം സുഖവും മാത്രം തേടി പോകുന്ന ദമ്പതികളെ കാണുമ്പോൾ വിഷമം തോന്നാറുണ്ട്."


നൂൽപ്പാലത്തിലൂടെയുള്ള മടങ്ങിവരവ്

സ്വഭാവത്തിൽ പരുക്കനായി ഞാൻ കരുതിയിരുന്ന ഭർത്താവ് എനിക്ക് ക്യാൻസറാണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ സമയവും എന്നോടൊപ്പം ചെലവഴിക്കാനാണ് ശ്രമിച്ചത്. സർവീസ് അഞ്ചര വർഷം ബാക്കിനിൽക്കെ വി.ആർ.എസ് എടുത്ത് വരികയും പരമാവധി സമാധാനിപ്പിക്കുകയും ചെയ്തത് ഈശ്വരാനുഗ്രഹം കൊണ്ടാണെന്ന് വിശ്വസിക്കുന്നു. പ്രതിസന്ധികൾ നേരിടുമ്പോൾ കുടുംബത്തിൽ നിന്ന് കിട്ടുന്ന സപ്പോർട്ട് വളരെ വലുതാണ്. കുഞ്ഞുനാളിൽ സാമ്പത്തിക ബുദ്ധിമുട്ട് ഏറെ അനുഭവിച്ചത് കൊണ്ടാകാം, വലിയ ജോലിയും ഉയർന്ന വരുമാനവും പദവിയും ചെറുപ്പത്തിലേയുള്ള സ്വപ്നമായിരുന്നു. അതിനുള്ള പരിശ്രമങ്ങളാണ് ഇതൊക്കെ.

അഡ്വക്കേറ്റായി 12 വർഷത്തോളം കഴിഞ്ഞാണ് നിയമ വകുപ്പിൽ ജോലി ലഭിച്ചത്. കാറിൽ 'കേരള സർക്കാർ' എന്ന ബോർഡ് വച്ച് യാത്ര ചെയ്യുന്നതും സ്വപ്നമായിരുന്നു. ആ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ജോയിന്റ് സെക്രട്ടറി എന്ന പദവിയിൽവരെ എത്തിച്ചത്. എന്നാൽ ആഗ്രഹിച്ചതെല്ലാം ലഭിച്ചുകഴിഞ്ഞപ്പോൾ ക്യാൻസർ എന്ന മഹാമാരിയിൽ മരണത്തെ മുഖാമുഖം കാണുംവിധം ആർ.സി.സിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയേണ്ടി വന്നു. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം ഈശ്വരൻ തന്നു, പക്ഷേ ആർ.സി.സി.യിൽ നിന്ന് ജീവനോടെ വീട്ടിലേക്ക് പോകാൻ സാധിക്കുമോ എന്നതിനുമാത്രം ഉറപ്പില്ലായിരുന്നു. രോഗത്തോട് പടപൊരുതി ആർ.സി.സിയോട് ബന്ധപ്പെട്ടുള്ള ജീവിതത്തിൽ എല്ലാത്തിലും വലുത് മനുഷ്യത്വവും സ്‌നേഹവും സഹജീവികളോടുള്ള കരുണയും ആണെന്നും നന്മ നിറഞ്ഞ മനുഷ്യമനസാണ് ഭൂമിയിലെ ഏറ്റവും വിശുദ്ധമായ അമ്പലമെന്നും അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞു.


ഗുരുത്വം, പ്രയത്നം, ഈശ്വരാധീനം:

അതാണ് ജീവിത വിജയം

ഇപ്പോഴുള്ള ജീവിതം ഈശ്വരൻ തന്ന ബോണസാണ്. ഈശ്വരൻ ആയുസും ആരോഗ്യവും തരുന്നിടത്തോളം നന്നായി അദ്ധ്വാനിച്ച് മുന്നോട്ടു പോകണം. അനീതിക്കെതിരെ നീതി ലഭിക്കും വരെ പോരാടണം. മറ്റുള്ളവർക്ക് കൂടി ഗുണവും സന്തോഷവും കിട്ടുന്ന തരത്തിലുള്ള പ്രവർത്തികൾ ചെയ്ത് ജീവിക്കണം. ഇതൊക്കെയാണ് ഇപ്പോഴുള്ള ജീവിത ലക്ഷ്യം. എന്ത് നല്ല കാര്യങ്ങൾക്കും ഭർത്താവ് പ്രദീപ് കുമാറും മകൾ പവിത്ര ജി. പ്രദീപും കൂടെയുണ്ട് എന്നത് ആശ്വാസം നൽകുന്നു.

ഗുരുത്വം, പ്രയത്നം, ഈശ്വരാധീനം എന്നിവയാണ് ജീവിത വിജയത്തിന് വേണ്ട മൂന്നു കാര്യങ്ങൾ. ഗുരുത്വവും പ്രയത്നവും ഉണ്ടെങ്കിൽ ഈശ്വരാധീനം താനേ വന്നുകൊള്ളും. സ്വന്തം സന്തോഷവും സുഖങ്ങളും ഉപേക്ഷിച്ച് ത്യാഗങ്ങൾചെയ്ത് മക്കൾക്ക് വേണ്ടി ജീവിക്കുന്ന മാതാപിതാക്കൾ ഭൂമിയിൽ കാണപ്പെട്ട ദൈവങ്ങളാണ്. അവരുടെ മനസ്സിനെ വേദനിപ്പിക്കാതെ ശ്രദ്ധിക്കണം. കുഞ്ഞുനാളിൽ ഗുരുനാഥന്മാർ പഠിപ്പിച്ചത് ജീവിതത്തിൽ യാഥാർത്ഥ്യമാക്കാനാണ് എന്റെ ശ്രമം. ജീവിതത്തിൽ എന്തെങ്കിലും നേടിയെങ്കിൽ അത് മാതാപിതാക്കളുടെയും ഗുരുനാഥന്മാരുടെയും ഈശ്വരന്റെയും അനുഗ്രഹം കൊണ്ടാണ്. അതിൽ കുറുക്കുവഴികൾ ഒന്നുമില്ലെന്നും ഗിരിജാ പ്രദീപ് പറഞ്ഞു.

അഡ്വ. ഗിരിജാ പ്രദീപ് ഇപ്പോൾ നെയ്യാറ്റിൻകര കോടതിക്ക് സമീപം സ്വന്തമായി ഓഫീസെടുത്താണ് പ്രവർത്തനങ്ങളിൽ വ്യാപൃതയായിരിക്കുന്നത്. കുടുംബ കോടതി കേസുകളും ഗാർഹിക പീഡന കേസുകളും മാത്രമല്ല, സിവിൽ കേസുകളും നടത്തുന്നുണ്ട്.
മൊബൈൽ: 94958 32526

TAGS: CASE DIARY, SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.