
സിഡ്നി: ഓസ്‌ട്രേലിയയിലെ വനമേഖലയിൽനിന്ന് രണ്ടു വർഷം മുൻപ് കാണാതായ ബെൽജിയം സ്വദേശിനി സെലിൻ ക്രെമറിനായുള്ള അന്വേഷണം പുനരാരംഭിച്ച് ടാസ്മാനിയ പൊലീസ്. സ്വകാര്യ ഏജൻസി നടത്തിയ തിരച്ചിലിൽ യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി.
2023 ജൂണിലാണ് സെലിൻ ക്രെമറിനെ കാണാതായത്. ടാസ്മാനിയയിലെ ഫിലോസഫർ വെള്ളച്ചാട്ടത്തിന് സമീപമുള്ള വനമേഖലയിലാണ് ഇവരെ അവസാനമായി കണ്ടത്. ദിവസങ്ങൾക്ക് ശേഷം യുവതിയുടെ കാർ കണ്ടെത്തിയെങ്കിലും തുടർച്ചയായി നടത്തിയ തിരച്ചിലുകളിൽ യാതൊരു തുമ്പും പൊലീസിന് ലഭിച്ചിരുന്നില്ല.
കാണാതായ യുവതിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് അടുത്തിടെ സ്വകാര്യമായി തിരച്ചിൽ സംഘടിപ്പിച്ചിരുന്നു. പൊലീസ് നേരത്തെ തിരച്ചിൽ നടത്തിയ പ്രദേശത്തുവച്ച് ശനിയാഴ്ചയാണ് സംഘം ഒരു മൊബൈൽ ഫോൺ കണ്ടെത്തിയത്. ഫോൺ സെലിൻ ക്രെമറിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ഫോറൻസിക് പരിശോധനകൾക്കായി ഫോൺ കൈമാറുകയും ചെയ്തു.

ഫോണിലെ വിവരങ്ങളും കണ്ടെത്തിയ സ്ഥലവും പരിശോധിക്കുമ്പോൾ വെളിച്ചം കുറഞ്ഞ സമയത്ത് സെലിൻ ഒരു ആപ്പ് ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ അടുത്ത് നിന്ന് കാറിനടുത്തേക്ക് പോകാൻ ശ്രമിച്ചിരിക്കാം. ഇതിനിടയിൽ ഫോൺ താഴെ വീഴുകയും ഫോൺ ഇല്ലാതെ മുന്നോട്ട് പോയപ്പോൾ കാട്ടിൽ വഴിതെറ്റി പോയെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
തിരച്ചിൽ ഊർജിതമാക്കാൻ സെലിന്റെ നാല് സുഹൃത്തുക്കൾ ബെൽജിയത്തിൽ നിന്ന് ടാസ്മാനിയയിലെത്തിയിട്ടുണ്ട്. 2023 ജൂൺ 17 നാണ് അവസാനമായി സെലിനെ കണ്ടത്. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് സുഹൃത്തുക്കൾ ഇവരെ കാണാനില്ലെന്ന് പൊലീസിൽ അറിയിച്ചത്. സെലിൻ ഒറ്റപ്പെട്ടുപോയെന്ന് കരുതുന്ന ദിവസങ്ങളിൽ കൊടുംതണുപ്പ് കാരണം അതിജീവിച്ചിരിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |