
കൊച്ചി: തൊഴിൽതട്ടിപ്പിന് റിമാൻഡിൽ ജയിലിൽ കഴിയുന്ന യുവാവിനെ ആറ് പുതിയ കേസുകളിൽ കൂടി പ്രതിയാക്കി കേസെടുത്തു. പേരും വേഷവും മാറ്റി ബംഗളൂരുവിൽ ഒളിവിൽ കഴിയവെ എറണാകുളം സെൻട്രൽപൊലീസ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച ഇടുക്കി കരിമ്പൻ മണിപ്പാറ കാവുപറമ്പിൽവീട്ടിൽ കെ.ജെ. ജ്യോതിഷിനെതിരെയാണ് കഴിഞ്ഞദിവസം ഒറ്റയടിക്ക് ആറ് കേസുകളെടുത്തത്.
കണ്ണൂർ ചെമ്പിലോത്ത് സ്വദേശി കെ. രാമകൃഷ്ണൻ, പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി രൂപേഷ്, കോതമംഗലം കുട്ടമ്പുഴ സ്വദേശി ദിവ്യമോൾ, കുട്ടമ്പുഴ വടാട്ടുപാറ സ്വദേശി വിജന, കണ്ണൂർ പയ്യന്നൂർ സ്വദേശി വിജയകുമാർ, ഒറ്റപ്പാലം സ്വദേശി കെ. രമേശൻ എന്നിവരുടെ പരാതികളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 2024 കാലയളവിലാണ് വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് പരാതിക്കാരിൽനിന്ന് പണം വാങ്ങിയത്.
എറണാകുളം കെ,എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ബഥരി ട്രാവൽസ് എന്ന പേരിൽ പ്രതി നടത്തിയിരുന്ന ട്രാവൽ ഏജൻസിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഒരുലക്ഷംരൂപ വീതമാണ് ഉദ്യോഗാർത്ഥികളിൽനിന്ന് വാങ്ങിയത്. ചിലർ നേരിട്ടും മറ്റുള്ളവർ ബാങ്ക് അക്കൗണ്ട് വഴിയും പണം അയച്ചുകൊടുത്തവരാണ്. കേരളത്തിൽ എമ്പാടുമുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കുന്നത്ത്നാട് ഐക്കരനാട് കടയിരിപ്പ് സ്വദേശിയായ യുവതി നൽകിയ പരാതിയിൽ സെൻട്രൽ പൊലീസ് കേസെടുത്തത് അറിഞ്ഞാണ് മാസങ്ങൾക്കുമുമ്പ് ഇയാൾ ബംഗളുരുവിലേക്ക് കടന്നത്. അവിടെ ഒളിവാസത്തിനിടെയാണ് ഈ മാസം ആദ്യം പിടിയിലായത്. കഴിഞ്ഞദിവസത്തേത് ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |