
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയിൽ ലക്ഷങ്ങൾ തട്ടിയതുൾപ്പെടെയുള്ള കേസുകളിൽ പിടിയിലായ പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് ഇന്നലെ പുലർച്ചെ മെഡിക്കൽ കോളേജ് ഐ.സി.യുവിൽ നിന്ന് ജനൽവഴി ചാടി രക്ഷപ്പെട്ടത്. ഇയാൾക്കായി പൊലീസ് തെരച്ചിലാരംഭിച്ചു.
ഇ.ഡി ഉദ്യോഗസ്ഥനെന്ന വ്യാജേന വിവിധ സ്ഥാപനങ്ങളിലെത്തി പരിശോധന നടത്തുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ കർണാടക പൊലീസ് അന്വേഷിക്കുന്ന രാജീവിനെ വാഹനമോഷണ കേസിലാണ് കൊല്ലം പൊലീസ് പിടികൂടിയത്. മോഷ്ടിച്ച കാർ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടശേഷം മുങ്ങിയ ഇയാൾ അടുത്ത ദിവസം കാറെടുക്കാൻ വന്നപ്പോഴാണ് പൊലീസിന്റെ വലയിലായത്. ശനിയാഴ്ച അറസ്റ്രുചെയ്ത് കൊല്ലം വെസ്റ്റ് സ്റ്റേഷനിലെത്തിച്ചപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലും ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
പൊലീസ് സംരക്ഷണയിൽ ഐ.സി.യുവിൽ ചികിത്സയിലിരിക്കെ പ്രതി ടോയ്ലെറ്റിൽ പോകുന്നതിന് ബുദ്ധിമുട്ടറിയിച്ചു. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡയപ്പർ മാറ്റാൻ കർട്ടനിട്ട് മറയുണ്ടാക്കി നൽകി. ഈ തക്കത്തിന് പ്രതി ജനൽ ചാടി പുറത്ത് നിറുത്തിയിട്ടിരുന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ആസൂത്രിതമായാണ് പ്രതി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
വാഹന മോഷണക്കേസിൽ പിടിയിലായതിന് പിന്നാലെയാണ് കർണാടകയിൽ ഇ.ഡി ഉദ്യോഗസ്ഥനെന്ന വ്യാജേന വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണെന്ന് വ്യക്തമാകുന്നത്. ഈ കേസിൽ കൊല്ലം സ്വദേശികളായ മൂന്നുപേരെ കർണാടക പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേരള പൊലീസ് അറിയിച്ചതനുസരിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കാൻ കർണാടക പൊലീസ് അവിടെനിന്ന് തിരിച്ചിട്ടുണ്ട്. അതിനിടയിലാണ് പ്രതി കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |