
രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെ പിടികൂടി ദുരൂഹത മാറ്റാൻ പോസ്റ്റുമോർട്ടം
തിരുവനന്തപുരം: ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചിത്രാഞ്ജലി സ്റ്റുഡിയോ ജീവനക്കാരി മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. മലയിൻകീഴ് പെരുകാവ് കുട്ടത്തുകാവ് ബിന്ദുഭവനിൽ ബിന്ദുവാണ് (53) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ മരിച്ചത്.
ചിത്രാഞ്ജലിയിൽ സ്വീപ്പറായിരുന്നു ബിന്ദു. സുരേഷ് ക്രൂരമായി ബിന്ദുവിനെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പരാതി ഉന്നയിച്ചതോടെയാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്. ബാലരാമപുരം പനയറകുന്നിലെ വാടക വീട്ടിൽ സുരേഷും ബിന്ദുവും മാത്രമായിരുന്നു താമസം. മകൻ അമൽ മലയിൻകീഴ് ബന്ധുവീട്ടിലും. പനയറകുന്നിലെ വാടക വീട്ടിൽ വച്ച് 17നാണ് ശ്വാസംമുട്ടലുണ്ടായത്. സ്വകാര്യ ആശുപത്രിയിലെയും മലയിൻകീഴ് താലൂക്ക് ആശുപത്രിലെയും ചികിത്സയ്ക്ക് ശേഷം 23നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ശരീരത്തിൽ ചില പാടുകൾ കണ്ടതിനെതുടർന്ന് മൃതദേഹം ആശുപത്രി അധികൃതർ പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ശരീരത്തിലെ മുറിപ്പാടുകൾ ഡോക്ടർമാർ കണ്ടെത്തിയതോടെ ഭർത്താവ് സുരേഷ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ചിത്രാഞ്ജലിയിലെ ജീവനക്കാരാണ് പിന്തുടർന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. സുരേഷ് ഒരുവർഷം മുമ്പ് മകൻ അമലിനെ വെട്ടിയ കേസിലും പ്രതിയാണ്. പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ഇന്ന് വിട്ടുനൽകും. പോസ്റ്റുമോർട്ടത്തിന് ശേഷമേ സംഭവത്തിൽ വ്യക്തത വരൂവെന്ന് മലയിൻകീഴ് പൊലീസ് വ്യക്തമാക്കി. തുടർ നടപടികൾ ഇതിനുശേഷം തീരുമാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |