
കാട്ടാക്കട : ക്രിസ്മസ് ദിനത്തിൽ വീട് കുത്തിത്തുറന്ന് 71 പവൻ കവർന്നു. കട്ടക്കോട് കൊറ്റംകുഴി തൊഴുക്കൽകോണം ഷൈൻകുമാറിന്റെ മാതൃഭവൻ വീട്ടിലാണ് വൻ മോഷണം നടന്നത്. ക്രിസ്മസ് ദിനത്തിൽ ആറിനും ഒൻപതിനും ഇടയ്ക്കാണ് മോഷണം നടന്നത്. വീട്ടുകാർ ഈ സമയം സമീപത്തെ പള്ളിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു. മുൻ വാതിലിന് സമീപത്തുണ്ടായിരുന്ന വൈദ്യുതി ഫ്യൂസ് ഊരി മാറ്റിയ ശേഷമാണ് മോഷണം നടത്തിയത്. മറ്റ് വാതിൽ കുത്തിപ്പൊളിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. 9 മണിയോടെ ഷൈൻകുമാറിന്റെ ഭാര്യ അനുബ മടങ്ങിയെത്തിയപ്പോഴാണ് മുൻവശത്തെ വാതിലുകളിലൊന്ന് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നുനടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 70ലധികം പവൻ മോഷണം പോയതായി കണ്ടെത്തി. അലമാരയിൽ ഉണ്ടായിരുന്ന കുട്ടികളുടെ ബ്രേസ്‌ലെറ്റ്, വള, മോതിരം, നെക്ലേസ് ഉൾപ്പെടെയുള്ളവയാണ് മോഷ്ടിച്ചത്. അനുബയുടെ സഹോദരിയും ഭർത്താവും സ്ഥലത്തില്ലാത്തതിനാൽ അവരുടെ സ്വർണവും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇതുൾപ്പെടെയാണ് മോഷണം പോയിരിക്കുന്നത്. അനുബയുടെ സഹോദരി അനഘ, മോഷണം നടന്ന വീടിന് പിറകിൽ വീട് പണിത് പാലുകാച്ച് കഴിഞ്ഞ ശേഷം ആർമി ഉദ്യോഗസ്ഥനായ ഭർത്താവുമൊത്ത് ബീഹാറിലെ ജോലി സ്ഥലത്തേക്ക് പോയിട്ട് ദിവസങ്ങളെ ആയുള്ളൂ. റൂറൽ എസ്.പി.സുദർശൻ മോഷണം നടന്ന വീട് സന്ദർശിച്ചു. പ്രത്യേക സംഘത്തെ വിന്യസിച്ച് അന്വേഷണം നടത്തുമെന്നും മൂന്ന് സംഘങ്ങളായാണ് അന്വേഷണം നടത്താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിരലടയാള വിദഗ്ദ്ധരും, ഡോഗ്സ്ക്വാഡുംഡും തെളിവ് ശേഖരിച്ചു. സ്ഥിരം മോഷ്ടാക്കളുടെ പട്ടിക തയ്യാറാക്കാനും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുമാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.
1.ഫോട്ടോ : മോഷണം നടന്ന സ്ഥലത്ത് ഡോഗ്സ്ക്വാഡ് പരിശോധന നടത്തുന്നു.
2.ഫോട്ടോ : വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |