
ബംഗളൂരു: വഴിയരികിൽ തത്തയുമായിരുന്ന ഒരു കൈനോട്ടക്കാരൻ കാരണം കേന്ദ്ര സർക്കാരിൽ ഉന്നത ജോലിയുള്ളയാൾക്ക് നഷ്‌ടമായത് 31 ലക്ഷം രൂപ. തന്റെ പ്രൊമോഷന് എന്തുചെയ്യുമെന്ന വഴി തേടി നടക്കുമ്പോഴാണ് ഇൻകംടാക്‌സ് വകുപ്പിൽ 33 വർഷത്തെ ജോലി പരിചയമുള്ള ഉന്നത ഉദ്യോഗസ്ഥനായ 55കാരൻ ഒരു കൈനോട്ടക്കാരനെ കണ്ടത്. മുഖം നോക്കി ലക്ഷണം പറയാമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥനെ വിളിച്ചിരുത്തിയ ജ്യോത്സ്യൻ ശേഖർ തട്ടിയെടുത്തത് 31 ലക്ഷം രൂപയാണ്. കർണാടകയിലെ കോറമംഗളയിലാണ് സംഭവം.
കഴിഞ്ഞ ഡിസംബറിലാണ് കോറമംഗളയിലെ ആദായ നികുതി വകുപ്പ് ഓഫീസിലെ സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ബംഗളൂരു സ്വദേശിയായ 55കാരൻ തത്തയുമായിരിക്കുന്ന വ്യാജ ജ്യോത്സ്യനെ കണ്ടുമുട്ടിയത്. മുഖം നോക്കി ലക്ഷണം പറയാമെന്നും ജീവിതത്തിൽ പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവ നീങ്ങാൻ പ്രത്യേക പൂജ വേണമെന്നും ജ്യോത്സ്യൻ പറഞ്ഞു. ജ്യോത്സ്യൻ പറഞ്ഞതുകേട്ട് താൽപര്യം തോന്നിയ 55കാരൻ പൂജയ്‌ക്കായി ഒരാഴ്‌ച കഴിഞ്ഞ് 50,000 രൂപ നൽകി.
കുറച്ചുദിവസം കഴിഞ്ഞ് കൈനോട്ടക്കാരൻ പൂജ നടത്തിയതായി അറിയിച്ചു. ജോലിയിലെ പുരോഗതിയ്‌ക്കും പ്രൊമോഷനും ആകെയുള്ള ഐശ്വര്യത്തിനും കൂടുതൽ വലിയ പൂജകൾ വേണമെന്നും കൈനോട്ടക്കാരൻ ആവശ്യപ്പെട്ടു. ഇതോടെ 55കാരന് താൽപര്യമില്ലാതായി. എന്നാൽ കുറച്ചുദിവസം കഴിഞ്ഞ് പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു തടസം വന്നതോടെ ഇയാൾക്ക് വ്യാജജ്യോത്സ്യനെ വീണ്ടും വിശ്വാസമായി.
ഇത്തവണ കൈനോട്ടക്കാരൻ 55കാരനോട് വീട്ടിലെ സ്വർണം, വെള്ളി ആഭരണങ്ങളെല്ലാം എടുത്തുകൊണ്ടുവരാനും പൂജചെയ്‌താൽ ജീവിതം രക്ഷപ്പെടും എന്നും വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ഫെബ്രുവരി 20ന് വീട്ടിലാരും ഇല്ലാത്ത സമയത്ത് 55കാരൻ തന്റെ വീട്ടിലിരുന്ന നെക്ക്‌ലസ്, കമ്മൽ, ബ്രേസ്‌ലെറ്റ് എന്നിങ്ങനെ സ്വർണവും 1.3 കിലോയുടെ വെള്ളിയാഭരണങ്ങളും കൈനോട്ടക്കാരനെ ഏൽപ്പിച്ചു. പിറ്റേന്ന് ഈ ആഭരണങ്ങൾ തിരികെ ചോദിച്ചെങ്കിലും പൂജ പൂർത്തിയായിട്ടില്ല എന്നായിരുന്നു കൈനോട്ടക്കാരൻ മറുപടി നൽകിയത്.
പിന്നീടും തിരികെ ഏൽപ്പിക്കാതെ വന്നത് ചോദിച്ചപ്പോൾ 55കാരനും കുടുംബവും വലിയ പ്രത്യാഘാതങ്ങൾ നേരിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ മാർച്ച് അഞ്ചിന് ഇയാൾ ജ്യോത്സ്യനെതിരെ ഭാരതി നഗർ പൊലീസ് സ്റ്റേഷനിൽ പരാതിനൽകി. വ്യാജ ജ്യോത്സ്യനെതിരെ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |