
ചാവക്കാട്: ഒഡീഷയിൽ നിന്ന് കാറിൽ കൊണ്ടുവന്നിരുന്ന 20 കിലോ കഞ്ചാവുമായി ചാവക്കാട്ടെത്തിയ നാലംഗ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. രണ്ടുപേർ കാറിൽ നിന്നിറങ്ങിയോടി രക്ഷപ്പെട്ടു. ചാവക്കാട് പുതിയ പാലത്തിൽ നിന്ന് കനോലി കനാലിലേക്ക് ചാടിയ കൊല്ലം സ്വദേശി ആന്റണിയെ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ കല്ലൂർ പുളിഞ്ചോട് തയ്യിൽ വീട്ടിൽ അനൂപിനെ (മാടപ്രാവ് 39) ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള ഡാൻസാഫ് സ്‌ക്വാഡ് പിടികൂടി. ഇന്നലെ രാവിലെ ഏഴരയ്ക്കായിരുന്നു സംഭവം.
ന്യൂ ഇയർ ആഘോഷങ്ങൾക്കായി ഒഡീഷയിൽ നിന്ന് കാറിൽ തൃശൂരിലേക്ക് കടത്തിയതാണ് കഞ്ചാവ്. ഇവരെ പിന്തുടർന്ന പൊലീസ് സംഘം ചാവക്കാട് പുതിയ പാലത്തിനടുത്ത് പ്രതികളുടെ വാഹനത്തെ മറികടന്ന് നിറുത്തി. ഈ സമയം ഒരാൾ കനോലി കനാലിലേക്ക് ചാടി. മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഒരാളെ കൈയോടെ പിടികൂടി. സ്‌ക്വാഡ് അറസ്റ്റ് ചെയ്ത മാടപ്രാവ് അനൂപ് 2011ൽ പുതുക്കാട് നടന്ന കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാൻ അന്ന് കഴിഞ്ഞിരുന്നില്ല. 24 കേസ് ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടി റെയിൽവേ കോളനിക്ക് സമീപമാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |