
കോവളം: പൂങ്കുളത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തി. തൈക്കാട് സ്വദേശി അബ്ദുളളയുടെ പൂങ്കുളത്തെ പുരയിടത്തിലെ പ്ലാവിൻ ചുവട്ടിലാണ് അസ്ഥികൾ കണ്ടെത്തിയത്. പുരയിടം സൂക്ഷിക്കാനേൽപ്പിച്ചിരുന്ന സമീപവാസി രാധാകൃഷ്ണനാണ് ഇന്നലെ സംഭവം കണ്ടത്. പ്ലാവിന്റെ ചുവട്ടിൽ പ്ലാസ്റ്റിക് കവറിലും സമീപത്തുമായി തലയോട്ടികളും കാലിലെയും വാരിയെല്ലുകളുടെയും എല്ലിൻ കഷ്ണങ്ങളുമുണ്ട്. തിരുവല്ലം പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വാസുവെന്ന് പേരെഴുതിയ ഒരു മുഴുവൻ തലയോടും രണ്ടായിമുറിഞ്ഞ നിലയിലുള്ള തലയോട്ടിയുടെ ഒരു കഷണത്തിൽ അസ്‌ന എന്ന പേരും എഴുതിയിട്ടുണ്ട്. തലയോട്ടികളടക്കം 25 എല്ലിൻ കഷ്ണങ്ങളാണ് പൊലീസ് കവറിനുള്ളിലും തറയിൽ നിന്നുമായി കണ്ടെടുത്തത്. ചക്കയിടാനെത്തിയതായിരുന്നു രാധാകൃഷ്ണൻ. കരിയിലകൾക്കിടയിൽ ആദ്യം തലയോട്ടികൾ കണ്ടിരുന്നു, സമീപത്തുണ്ടായിരുന്ന പഴകിയ കവറിലായിരുന്നു കാലിലെയും വാരിയെല്ലുകളുടെയും ബാക്കി എല്ലിൻ കഷണങ്ങളുണ്ടായിരുന്നത്. തുടർന്ന് പ്രദേശവാസികളെയും തിരുവല്ലം പൊലീസിനെയും വിവരം അറിയിച്ചു. തിരുവല്ലം എസ്.എച്ച്.ഒ ജെ.പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ മഹേഷ്, വിനോദ് കുമാർ, മോഹൻ,എ.എസ്.ഐ. അനു എന്നിവരുൾപ്പെട്ട പൊലീസ് സംഘമെത്തി പരിശോധന നടത്തി. തുടർന്ന് ഫൊറൻസിക്, വിരലടയാള വിദഗ്ദ്ധരെ വിളിച്ചുവരുത്തി പരിശോധന നടത്തി. തറയിലുണ്ടായിരുന്ന തലയോട്ടികളിൽ മാംസം ഉണങ്ങിപ്പോയതിന്റെ അവശിഷ്ടങ്ങളും കാണാമായിരുന്നു. നേരിയ ദുർഗന്ധം ഉള്ളതിനെ തുടർന്ന് അന്വേഷണം ശക്തമാക്കുമെന്ന് തിരുവല്ലം എസ്.എച്ച്.ഒ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച അസ്ഥികൂടങ്ങളുടെ ഭാഗങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് അയച്ചു. തുടർന്നുളള ഫോറൻസിക് പരിശോധന ഫലമെത്തിയശേഷമേ ഇതേക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താനാകൂ എന്ന് എസ്.എച്ച്.ഒ അറിയിച്ചു. സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.