
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 12 വർഷം കഠിന തടവും 51,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. മെഡിക്കൽ കോളേജ് ഈന്തിവിള ലൈൻ പുതുവൽ വീട്ടിൽ അരുൺ ദേവിനെയാണ് പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബു ശിക്ഷിച്ചത്.
വീട്ടമ്മയും കുടുംബവും എറണാകുളത്ത് പോകാൻ കാർ ഓടിക്കുന്നതിന് ഡ്രൈവറായി അരുൺ ദേവിനെയായിരുന്നു വിളിച്ചിരുന്നത്. ഇതിനുശേഷം പ്രതി നിരന്തരം വീട്ടമ്മയെ ശല്യം ചെയ്യുന്നത് പതിവായി. ഇത് വീട്ടമ്മ സഹോദരനോടും ഭർത്താവിനോടും പറയുകയും ഇവർ പ്രതിയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് വീട്ടമ്മ മാത്രമേയുള്ളുവെന്ന് ഉറപ്പുവരുത്തിയ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഫുട്‌ബോൾ കളിക്കാൻ പോയ ഇവരുടെ മക്കൾ മടങ്ങി വരുമ്പോൾ അമ്മയുടെ നിലവിളിയാണ് കേട്ടത്. മക്കൾ ബഹളംവച്ച് ആളെ കൂട്ടിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |