
കൊച്ചി: മെന്റലിസം പരിപാടി നടത്തിപ്പിനായി 35 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം നിക്ഷേപ തുകയും ലാഭവിഹിതവും നൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ മെന്റലിസ്റ്റ് ആദി (ആദർശ്) അടക്കം 4 പേർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. ഇന്തോനേഷ്യയിൽ ബിസിനസ് ചെയ്യുന്ന മറൈൻഡ്രൈവ് ബ്ലൂ ക്രഷ് ടവറിൽ താമസിക്കുന്ന വാഴപ്പിള്ളിവീട്ടിൽ വി.ജെ മാത്യുവിന്റെ പരാതിയിലാണ് നടപടി. പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ മിഥുൻ, അരുൺ, പ്രോഗ്രാം ഡയറക്ടർ ജിസ് ജോയ് എന്നിവരാണ് മറ്റുപ്രതികൾ. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവം 2025 ജൂണിൽ
സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേരളമാകെ മെന്റലിസം പ്രോഗ്രാം സംഘടിപ്പിച്ചാൽ പ്രശ്നങ്ങളെല്ലാം തീരുമെന്നും വിശ്വസിപ്പിച്ചാണ് ആദി പണം കൈക്കലാക്കിയതെന്ന് പരാതിക്കാരൻ പറഞ്ഞു. ജൂൺ ആദ്യവാരം 23 ലക്ഷം രൂപ നൽകി. എന്നാൽ ഈ തുക തികയില്ലെന്ന് പറഞ്ഞതോടെ ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 12 ലക്ഷം രൂപ കൂടി കൈമാറി. പണം വാങ്ങിയശേഷം മൂന്നിലൊന്ന് ലാഭവിഹിതം നൽകാമെന്ന് വാക്കുനൽകി. സംസ്ഥാനത്ത് 10 ഇടങ്ങളിൽ പരിപാടി നടന്നു. പ്രോഗ്രാമെല്ലാം പൂർത്തിയായപ്പോൾ കടംനൽകിയ 35 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും പരിപാടി നഷ്ടത്തിലാണെന്ന് പറഞ്ഞ് ഒഴിവാക്കുകയുമായിരുന്നു.
പൊലീസിൽ പിടിപാടുണ്ടെന്ന ഭീഷണിയും
വഞ്ചനയ്ക്ക് പരാതി നൽകുമെന്ന് പറഞ്ഞെങ്കിലും പൊലീസിൽ പിടിപാടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെ ഒരു വർഷത്തിനുള്ളിൽ പണം തന്നുതീർക്കാമെന്നായി. പക്ഷേ, ഇത് പിന്നീട് ദോഷം ചെയ്യുമെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് പൊലീസിൽ നേരിട്ടെത്തി പരാതി നൽകിയതെന്ന് പരാതിക്കാരൻ വ്യക്തമാക്കി. 27 വർഷമായി ഇന്തോനേഷ്യയിലാണ് പരാതിക്കാരൻ താമസിക്കുന്നത്. മലയാളം, തമിഴ് സിനിമകളുടെ ഇന്തോനേഷ്യയിലെ വിതരണക്കാരനായ ഇദ്ദേഹം അവിടുത്തെ കേരളസമാജത്തിന്റെ ഭാരവാഹികൂടിയാണ്. 2024ൽ സമാജത്തിന്റെ വാർഷിക പരിപാടിയുടെ ഭാഗമായി ആദിയുടെ പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. അന്ന് മുതലാണ് ആദിയുമായി സൗഹൃദത്തിലായത്. സ്വന്തം സഹോദരനെപ്പോലെ കണ്ടെങ്കിലും ചതിക്കുമെന്ന് കരുതിയില്ലെന്നും പരാതിക്കാരൻ പറയുന്നു.
നിയമനടപടി സ്വീകരിക്കും: ജിസ് ജോയ്
കൊച്ചി: ഒരു രൂപപോലും തട്ടിയെടുത്തിട്ടില്ലെന്ന് സംവിധായകൻ ജിസ് ജോയ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. താൻ ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രമാണ്. 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ല. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് തനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. യാതൊരു കരാറും പരാതി നൽകിയ ആളുമായി ഉണ്ടാക്കിയിട്ടില്ല. വാസ്തവ വിരുദ്ധമായ പരാതിയാണെന്നും തന്റെ പേര് എന്തിനാണ് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ജിസ് ജോയ് പ്രതികരിച്ചു. ആദി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം മാദ്ധ്യമങ്ങളെ ഒരുമിച്ച് കാണുമെന്നും ജിസ് ജോയ് പറഞ്ഞു. തട്ടിപ്പ് കേസിൽ പ്രോഗ്രാം ഡയറക്ടറായിരുന്ന ജിസ് ജോയിയെ നാലാം പ്രതിയാക്കിയാണ് എഫ്.ഐ.ആർ. നൽകിയ പണം തിരികെ ചോദിച്ചപ്പോൾ മറ്റ് പ്രതികൾക്കൊപ്പംചേർന്ന് പരിഹസിച്ചെന്നാണ് ജിസ് ജോയിക്കെതിരെയുള്ള പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |