
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ, ചോറ്റാനിക്കര, ആമ്പല്ലൂർ, കാഞ്ഞിരമറ്റം, പിറവം മേഖലകളിൽ സ്കൂൾ കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന വർദ്ധിക്കുന്നതായി പരാതി. സംസ്ഥാനത്ത് 2023 ജൂലൈ 6ന് ഗുട്ട്ക, പാൻമസാല, സുക്ക, ഫ്ലേവർഡ് പുകയില എന്നിവ നിരോധിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെങ്കിലും ഇത് അവഗണിച്ചാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന നടക്കുന്നത്.
നിരോധിത പുകയില ഉത്പന്നങ്ങളോടൊപ്പം കഞ്ചാവ്, എം.ഡി.എം.എ എന്നിവയും രഹസ്യമായി വിതരണം ചെയ്യുന്നതായി നാട്ടുകാർ ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ 2024-25 അദ്ധ്യയന വർഷത്തിൽ സ്കൂൾ പരിസരങ്ങളിൽ പുകയില ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളുമായി ബന്ധപ്പെട്ട 8 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൃപ്പൂണിത്തുറ മുതൽ പിറവം വരെയുള്ള മേഖലയിൽ പ്രത്യേക പരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ലഹരിക്ക് അടിമകളാക്കുന്നു
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘങ്ങൾ കുറഞ്ഞ വിലയിൽ പുകയില ഉത്പന്നങ്ങൾ നൽകി അവരെ ലഹരിക്ക് അടിമകളാക്കുന്ന രീതിയാണ് പിന്തുടരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, പുകയില നിയന്ത്രണ നിയമ പ്രകാരം 2025ൽ മാത്രം ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളിലെ പുകവലി, സ്കൂളുകൾക്ക് സമീപമുള്ള വില്പന, പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉത്പന്നങ്ങൾ നൽകൽ എന്നിവയാണ് പ്രധാന കേസുകൾ.
കേസുകളിൽ വർദ്ധന
എറണാകുളം റൂറൽ മേഖലയിൽ നടന്ന പ്രത്യേക പരിശോധനയിൽ മൂന്ന് കോടി വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പെരുമ്പാവൂരിൽ നിന്ന് പിടികൂടിയിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ച് വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യാനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിതരണം ചെയ്ത 100 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിരോധിത പുകയില വില്പന സംബന്ധിച്ച് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായില്ല. യുവതലമുറയുടെ ഭാവിയെ ബാധിക്കുന്ന നിരോധിത പുകയില മാഫിയക്കെതിരെ അടിയന്തരഇടപെടൽ അനിവാര്യമാണ്.
ജോമോൻ ജോയ്
പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |