
കോഴിക്കോട്/കുന്ദമംഗലം: കുരിക്കത്തൂരിൽ പടക്ക നിർമ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി രണ്ടുപേർ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അനധികൃത പടക്ക നിർമ്മാണത്തിനായി വീട് വാടകയ്‌ക്കെടുത്ത മുണ്ടിക്കൻത്താഴം പുതിയോട്ടിൽ വിഷ്ണുവിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിൽ മരിച്ച മുണ്ടിക്കൽതാഴം പുതിയോട്ടിൽ രാഹുലിന്റെ (27) സഹോദരനാണ് വിഷ്ണു. സംഭവം നടക്കുന്ന സമയം വിഷ്ണുവും വീട്ടിലുണ്ടായിരുന്നു. പടക്കം നിർമ്മിക്കുന്നതിനായി വെടിമരുന്ന് കൂട്ടിച്ചേർക്കുന്നതിനിടെയാണ് ശക്തമായ സ്ഫോടനം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തി വീട്ടിൽ വന്നുപോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റ വിഷ്ണുവിന്റെ ഭാര്യ കോട്ടയം പാലാ സ്വദേശി സിമി ചികിത്സയിലാണ്. സംഭവ സ്ഥലം ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി.
പടിഞ്ഞാറേ കുഴിമയിൽ വാടക വീട്ടിലാണ് ശനിയാഴ്ച രാത്രി പത്ത് മണിയോടെ സ്ഫോടനമുണ്ടായത് കോഴിക്കോട് രാമനാട്ടുകര പാറമ്മൽ മഠത്തിൽപറമ്പിൽ രാഹുൽ (26), കോഴിക്കോട് മുണ്ടിക്കൽത്താഴം പുതിയോട്ടിൽ രാഹുൽ (27) എന്നിവരാണ് മരിച്ചത്. വിഷ്ണുവിന്റെ ഭാര്യാ സഹോദരനാണ് രാമനാട്ടുകര പാറമ്മൽ മഠത്തിൽപറമ്പിൽ രാഹുൽ.
സമീപത്തെ നാലോളം വീടുകളും സ്ഫോടനത്തിൽ ഭാഗികമായി തകർന്നു. ആദ്യം പടക്കം പൊട്ടുന്ന ശബ്ദമായിരുന്നു. അൽപ്പം കഴിഞ്ഞാണ് ഉഗ്ര സ്ഫോടന ശബ്ദമുണ്ടായത്. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടിൽ വലിയ അപകടം സംഭവിച്ചതായി മനസിലായത്. ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചതായി പരിസരവാസികൾ പറഞ്ഞു. സംഭവസ്ഥലത്ത് പടക്ക നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ആറുമാസം മുമ്പാണ് ഇവർ വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചത്. മരം മുറിക്കുന്ന ജോലിയാണെന്നാണ് വീട്ടുടമയോട് പറഞ്ഞിരുന്നത്. എന്നാൽ ഇവരുടെ കൃത്യമായ വിവരങ്ങൾ വീട്ടുടമയ്ക്കോ അയൽവാസികൾക്കോ അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒരുമാസം മുമ്പ് അയൽവാസികളായ രണ്ട് സ്ത്രീകൾക്ക് പനയോലയിൽ നിന്ന് ഈർക്കിൾ നീക്കം ചെയ്യുന്ന ജോലി നൽകിയിരുന്നു. അന്നുമുതലാണ് ഇവിടെ പടക്കംനിർമ്മിക്കുന്നുണ്ടെന്ന് നാട്ടുകാർ അറിയുന്നത്. വിഷ്ണുവിന്റെ ഭാര്യ സിമി, സിമിയുടെ അച്ഛൻ, അമ്മ, സഹോദരൻ രാഹുൽ, വിഷ്ണുവിന്റെ സുഹൃത്ത് രാഹുൽ, രാഹുലിന്റെ ഭാര്യ എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ഐ.ജി രാജ്പാൽ മീണ, കമ്മിഷണർ മെറിൻ ജോസഫ്, അസി. കമ്മിഷണർ ബിജു തുടങ്ങിയവർ സംഭവസ്ഥലത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |