
കട്ടപ്പന: ഹൈറേഞ്ച് മേഖലയിൽ മോഷണം പതിവാകുമ്പോഴും കള്ളൻമാരെ പിടികൂടാനാകാതെ പൊലീസ്. കഴിഞ്ഞ ദിവസങ്ങളിൽ കട്ടപ്പന, ഉപ്പുതറ പൊലീസ് സ്‌റ്റേഷൻ പരിധികളിൽ നടന്ന മോഷണ കേസുകളിലാണ് പ്രതികൾ ഇപ്പോഴും കാണാ മറയത്തുള്ളത്. സ്വരാജ് മേഖലയിൽ നിരവധി വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. പണവും സ്ഥാപനങ്ങളിലെ വസ്തുക്കളുമടക്കം മോഷണം പോയിരുന്നു.
കേസിൽ സി.സി ടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മാട്ടുക്കട്ടയിൽ നടന്ന മോഷണത്തിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മോഷ്ടാവിനെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ വീണ്ടും പ്രദേശത്ത് മോഷണം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. കട്ടപ്പന മേഖലയിൽ ഏലത്തോട്ടങ്ങളിലടക്കം മോഷണങ്ങൾ വ്യാപകമാണ്. പരാതികൾ നിരവധിയുണ്ടെങ്കിലും പല കേസുകളിലും മോഷ്ടാക്കൾ ഇപ്പോഴും കാണാമറയത്താണ്.
സി.സി ടിവികൾ നശിപ്പിച്ചും മുഖം മറച്ചുമൊക്കെയാണ് മോഷ്ടാക്കൾ എത്തുന്നത്. ഇതിനാൽ തന്നെ ഇവരെ കണ്ടെത്തുക ശ്രമകരമാണ്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടു വിട്ടിരുന്നു. മോഷ്ടാവ് ഇക്കൂട്ടത്തിൽ ഉണ്ടെങ്കിൽ തന്നെ ഇനി കണ്ടെത്തുക പ്രയാസവുമാണ്.
പട്രോളിങ് കാര്യക്ഷമമല്ലെന്ന് ആക്ഷേപം
അതേസമയം, മോഷണം പെരുകുന്നത് പൊലീസ് പട്രോളിങ് കുറഞ്ഞതിനാലാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. രാത്രികാലങ്ങളിലെ പട്രോളിങ് പേരിന് മാത്രമാണ് നടക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പ്രധാന പാതയോരങ്ങളിൽ പോലും മോഷണം തുടരുന്നത് പൊലീസിന്റെ ജാഗ്രക്കുറവാണെന്നാണ് ഉയരുന്ന ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |